ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങിൽ നേട്ടം കൊയ്‌ത് ഇന്ത്യയുടെ വനിത താരങ്ങള്‍. ബൗളര്‍മാരുടെ പട്ടികയില്‍ അഞ്ചാം റാങ്കുകാരിയായാണ് ജുലൻ ഗോസ്വാമി തന്‍റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര പരമ്പരയിലെ പ്രകടനത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹർമപ്രീത് കൗർ, ഓപ്പണര്‍ സ്‌മൃതി മന്ദാന, പേസര്‍ രേണുക സിങ് എന്നിവര്‍ നേട്ടം കൊയ്‌തു.
പരമ്പരയിലെ ടോപ് സ്‌കോററായ ഹര്‍മന്‍പ്രീത് കൗര്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. നിലവില്‍ അഞ്ചാം റാങ്കിലാണ് ഹര്‍മന്‍. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളില്‍ നിന്നും 221 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചെടുത്തത്.
ഒരു സ്ഥാനം മെച്ചപ്പെടുത്തിയ സ്‌മൃതി മന്ദാന ആറാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 181 റണ്‍സാണ് മന്ദാന നേടിയത്. പൂജ വസ്‌ത്രാകർ, ഹർലിൻ ഡിയോൾ, ദീപ്‌തി ശര്‍മ എന്നിവരാണ് നേട്ടമുണ്ടാക്കിയ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍.
നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ പൂജ വസ്‌ത്രാകർ 49ാം റാങ്കിലെത്തി. 46 സ്ഥാനങ്ങൾ കുതിച്ച ഹര്‍ലിന്‍ 81ാം റാങ്കിലാണ്. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ദീപ്‌തി 24ാം റാങ്കിലാണ്.
ബോളര്‍മാരുടെ പട്ടികയില്‍ 35 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രേണുക സിങ് 35ാം റാങ്കിലേക്കാണ് കുതിച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ രേണുക പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതായിരുന്നു.
ഇംഗ്ലണ്ട് താരങ്ങളായ ഡാനി വ്യാറ്റ്, ആമി ജോൺസ്, ചാർലി ഡീൻ എന്നിവരും നേട്ടം കൊയ്‌തു. ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ വ്യാറ്റ് 21ാം റാങ്കിലെത്തി. ആമി ജോൺസ് നാല് സ്ഥാനങ്ങൾ ഉയർന്ന് 30ാം റാങ്കിലെത്തി.
ബാറ്റര്‍മാരുടെ പട്ടികയില്‍ 24 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഡീന്‍ 62ാം റാങ്കിലെത്തി. ബൗളർമാരുടെ പട്ടികയില്‍ ഒരു സ്ഥാനം ഉയര്‍ന്ന താരം 19ാമതാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.