മുംബൈ: ഏറെ നീണ്ട അനിശ്ചിത്വങ്ങള്‍ക്കൊടുവില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരക്രമം ഐസിസി പുറത്ത് വിട്ടിരിക്കുകയാണ്. ഇന്ത്യ ആതിഥേരാവുന്ന ടൂര്‍ണമെന്‍റ് ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദികളിലായാണ് മത്സരം നടക്കുക. ഇന്ത്യ ഉള്‍പ്പെടെ 10 ടീമുകളാണ് ഇത്തവണ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്.
ആതിഥേയരായ ഇന്ത്യയ്‌ക്ക് പുറമെ അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. യോഗ്യത മത്സരത്തിലൂടെ എത്തുന്ന രണ്ട് ടീമുകളാണ് ശേഷിക്കുന്ന സ്ഥാനത്തേക്ക് എത്തുക.
ആരാധകര്‍ ഏറെ പ്രതീക്ഷിച്ചുവെങ്കിലും സന്നാഹ മത്സരത്തിനായാണ് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തെരഞ്ഞെടുക്കപ്പെട്ടത്. ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലും സന്നാഹ മത്സരങ്ങള്‍ നടക്കും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് സന്നാഹ മത്സരങ്ങള്‍ അരങ്ങേറുക. തുടര്‍ന്ന് ഒക്ടോബര്‍ അഞ്ച് മുതല്‍ക്കാണ് പ്രധാന മത്സരങ്ങള്‍ ആരംഭിക്കുക.
10 ടീമുകളും പരസ്‌പരം മത്സരിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് കളി നടക്കുക. ആകെ 45 മത്സരങ്ങളാണ് ഈ ഘട്ടത്തില്‍ ഉള്ളത്. തുടര്‍ന്ന് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. ആദ്യ സെമി നവംബര്‍ 15-ന് മുംബൈയിലും രണ്ടാം സെമി 16-ന് കൊല്‍ക്കത്തയിലുമാണ് നടക്കുക.
ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡുമാണ് ഏറ്റുമുട്ടുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദി. നവംബര്‍ 19-ന് നടക്കുന്ന ഫൈനലും അഹമ്മദാബാദിലാണ്. ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരവും ഇതേവേദിയില്‍ ഒക്‌ടോബര്‍ 15-നാണ് നടക്കുക.
ഒക്‌ടോബര്‍ എട്ടിന് ചെന്നൈയിലാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുക. ഓസ്‌ട്രേലിയയാണ് എതിരാളി. 11-ന് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ അഫ്‌ഗാനെയാണ് ഇന്ത്യ നേരിടുക. തുടര്‍ന്നാണ് ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടുന്നത്. ബംഗ്ലാദേശിനെതിരെ ഒക്‌ടോബർ 19-ന് പൂനെയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.
പിന്നീട് 22-ന് ധര്‍മ്മശാലയില്‍ ന്യൂസിലന്‍ഡിനെയും ആതിഥേയര്‍ നേരിടും. ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമാണ് ഇന്ത്യ വീണ്ടും കളിക്കാന്‍ ഇറങ്ങുന്നത്. 29-ന് ലഖ്നൗവില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. യോഗ്യത മത്സരം കളിച്ചെത്തുന്ന ടീമുകളിലൊന്നുമായാണ് നവംബര്‍ രണ്ടിന് മുംബൈയില്‍ ഇന്ത്യയുടെ അടുത്ത മത്സരം.
തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നവംബര്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യ 11-ന് ബെംഗളൂരുവില്‍ യോഗ്യത മത്സരം കളിച്ചെത്തുന്ന ടീമിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുക. അതേസമയം 2011-ലാണ് അവസാനമായി ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടന്നത്. അന്ന് എംഎസ് ധോണിക്ക് കീഴില്‍ ഇറങ്ങിയ അതിഥേയര്‍ കിരീടം നേടിയിരുന്നു.
ഇന്ത്യയുടെ മത്സരങ്ങള്‍
- ഇന്ത്യ vs ഓസ്‌ട്രേലിയ, ഒക്ടോബർ 8, ചെന്നൈ (2PM)
- ഇന്ത്യ vs അഫ്ഗാനിസ്ഥാൻ, ഒക്‌ടോബർ 11, ഡൽഹി (2PM)
- ഇന്ത്യ vs പാകിസ്ഥാൻ, ഒക്ടോബർ 15, അഹമ്മദാബാദ് (2PM)
- ഇന്ത്യ vs ബംഗ്ലാദേശ്, ഒക്ടോബർ 19 , പൂനെ (2PM)
- ഇന്ത്യ vs ന്യൂസിലാൻഡ്, ഒക്ടോബർ 22, ധർമ്മശാല (2PM)
- ഇന്ത്യ vs ഇംഗ്ലണ്ട്, ഒക്ടോബർ 29, ലഖ്‌നൗ (2PM)
- ഇന്ത്യ vs ക്വാളിഫയർ, നവംബർ 2, മുംബൈ (2PM)
- ഇന്ത്യ vs സൗത്ത് ആഫ്രിക്ക, നവംബർ 5, കൊൽക്കത്ത (2PM)
- ഇന്ത്യ vs ക്വാളിഫയർ, നവംബർ 11, ബെംഗളൂരു (2PM)