സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ (Australian Open Badminton) ടൂര്‍ണമെന്‍റില്‍ കലാശപ്പോരിന് യോഗ്യത ഉറപ്പിച്ച് ഇന്ത്യയുടെ മലയാളി താരം എച്ച്‌എസ് പ്രണോയ് (HS Prannoy). പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ മത്സരത്തില്‍ സ്വന്തം നാട്ടുകാരനായ പ്രിയാന്‍ഷു രജാവത്തിനെ (Priyanshu Rajawat) കീഴടക്കിയാണ് പ്രണോയിയുടെ മുന്നേറ്റം. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ഓർലിയൻസ് മാസ്റ്റേഴ്‌സ് ചാമ്പ്യനായ പ്രിയാന്‍ഷു രജാവത്തിനെ മലയാളി താരം തോല്‍പ്പിച്ചത്.
43 മിനിട്ടുകള്‍ നീണ്ടു നിന്ന മത്സരം 21-18, 21-12 എന്ന സ്‌കോറിനാണ് കഴിഞ്ഞ മേയില്‍ മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് വിജയിച്ച പ്രണോയ് പിടിച്ചത്. കരിയറിലെ ആദ്യ സൂപ്പർ 500 സെമിഫൈനൽ കളിക്കാന്‍ ഇറങ്ങിയ പ്രിയാന്‍ഷു രജാവത്ത്, ഓപ്പണിങ് സെറ്റില്‍ ആറാം സീഡായ പ്രണോയിയോട് കടുത്ത പോരാട്ടം നടത്തിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റ് ഏറെക്കുറെ ആധികാരികമായി തന്നെ മലയാളി താരം സ്വന്തമാക്കുകയായിരുന്നു. ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് പ്രണോയ്‌യുടെ എതിരാളി.
അതേസമയം ഇതിന് മുന്നെ ഒരു തവണ നേര്‍ക്കുനേരെത്തിയപ്പോഴും പ്രിയാന്‍ഷു രജാവത്തിനെ തോല്‍പ്പിക്കാന്‍ പ്രണോയിയ്‌ക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ വർഷം സയ്യിദ് മോദി ഇന്‍റര്‍നാഷണലിൽ വച്ചായിരുന്നു ഇതിന് മുന്നെ ഇരുവരും പരസ്‌പരം മത്സരിച്ചത്. അന്ന് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു നിലവില്‍ ലോക ഒമ്പതാം നമ്പറായ പ്രണോയിയുടെ വിജയം.
ലോക രണ്ടാം നമ്പറായ ഇന്തോനേഷ്യയുടെ ആന്‍റണി സിനിസുക ജിന്‍റിങ്ങിനെയാണ് (Anthony Sinisuka Ginting ) ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പ്രണോയ് തോല്‍പ്പിച്ചത്. 73 മിനിട്ട് നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു മലയാളി ആറാം സീഡായ പ്രണോയ് കളി പിടിച്ചത്.
ആന്‍റണി സിനിസുക ജിന്‍റിങ്ങിനോട് ആദ്യ സെറ്റ് നഷ്‌ടപ്പെട്ടതിന് ശേഷമായിരുന്നു പ്രണോയിയുടെ ഗംഭീര തിരിച്ച് വരവ്. സ്‌കോര്‍: 16-21, 21-17, 21-14. ആദ്യ സെറ്റില്‍ തുടക്കം മുതല്‍ക്ക് തന്നെ പ്രണോയ് പിന്നിലായിരുന്നു. തുടര്‍ന്ന് തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും സെറ്റ് കൈമോശം വന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ മലയാളി താരം ശക്തമായ തിരിച്ചുവരവ് നടത്തി.
തുടക്കം ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും പതിയെ ലീഡുയര്‍ത്തിയാണ് പ്രണോയ് സെറ്റ് പിടിച്ച് ഇന്തോനേഷ്യന്‍ താരത്തിന് ഒപ്പമെത്തിയത്. മൂന്നാം സെറ്റിന്‍റെ തുടക്കത്തില്‍ തന്നെ ലീഡ് നേടിയ പ്രണോയ്‌ക്കെതിരെ തിരിച്ചടിക്കാന്‍ ആന്‍റണി സിനിസുക ശ്രമിച്ചിരുന്നു. എന്നാല്‍ സെറ്റ് നഷ്‌ടപ്പെടുത്താതിരുന്ന മലയാളി താരം മത്സരവും സ്വന്തമാക്കി.
മറുവശത്ത് ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെയായിരുന്നു പ്രിയാന്‍ഷു സെമിയില്‍ തോല്‍പ്പിച്ചത്. സമീപകാലത്ത് മോശം ഫോമിലുള്ള ശ്രീകാന്ത് ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് പ്രിയാന്‍ഷുവിനോട് തോല്‍വി സമ്മതിച്ചത്. യുവതാരമായ പ്രിയാന്‍ഷുവിന് മുന്നില്‍ കാര്യമായ പോരാട്ടം നടത്താതെയായിരുന്നു ശ്രീകാന്ത് കീഴടങ്ങിയത്. സ്‌കോര്‍: 21-13, 21-8.
അതേസമയം ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു. അമേരിക്കയുടെ ബെയ്‌വെൻ ഷാങ്ങിനോടായിരുന്നു ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധുവിന്‍റെ തോല്‍വി. സ്‌കോര്‍ : 12-21, 17-21.