മുംബൈ: സ്റ്റാര്‍ ബാറ്റര്‍മാരായ രോഹിത് ശര്‍മയും വിരാട് കോലിയും നീണ്ടൊരു ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയ്‌ക്കായി വീണ്ടും ടി20 കളിക്കാനൊരുങ്ങുകയാണ്. അഫ്‌ഗാനിസ്ഥാനെതിരെയായ ടി20 പരമ്പരയിലൂടെയാണ് ഇരുവരും ഫോര്‍മാറ്റിലേക്ക് തിരികെ എത്തുന്നത് (India vs Afghanistan T20Is). 2022-ലെ ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ വെറ്ററന്‍ താരങ്ങള്‍ ഇന്ത്യയ്‌ക്കായി കളിക്കാനിറങ്ങിയിരുന്നില്ല.
ഈ വര്‍ഷം ജൂണില്‍ മറ്റൊരു ടി20 ലോകകപ്പ് (T20 World Cup 2024) നടക്കാനിരിക്കെയാണ് രോഹിത്തിന്‍റേയും കോലിയുടേയും തിരിച്ചുവരവ്. ടൂര്‍ണമെന്‍റിന് മുമ്പ് ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് അഫ്‌ഗാനിസ്ഥാനെതിരായത്. സ്‌പെഷ്യലിസ്റ്റ് താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ടി20 ലോകകപ്പിന് ടീമിനെ അയയ്‌ക്കാനായിരുന്നു നേരത്തെ ബിസിസിഐ ലക്ഷ്യം വച്ചത്. ഇപ്പോള്‍ ഫോര്‍മാറ്റിലേക്ക് രോഹിത്തും കോലിയും മടങ്ങിയെത്താനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ പരിശോധിക്കാം. (How Virat Kohli and Rohit Sharma Return To T20Is)
ആക്രമണോത്സുകത, ഫോം: 2023-ലെ ഏകദിന ലോകകപ്പിൽ, രോഹിതിന്‍റെ ആക്രമണോത്സുകത ടീമിന്‍റെ മുന്നേറ്റത്തില്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്. തുടക്കം മുതല്‍ക്ക് ആക്രമിച്ച് റണ്‍റേറ്റുയര്‍ത്തുന്ന 36-കാരന്‍റെ ശൈലി തുടര്‍ന്നെത്തുന്ന മറ്റ് ബാറ്റര്‍മാര്‍ക്ക് സമ്മര്‍മില്ലാതെ കളിക്കാന്‍ വഴിയൊരുക്കുന്നതായിരുന്നു. ടി20 ലോകകപ്പിലും രോഹിത്ത് നല്‍കുന്ന ഈ മിന്നും തുടക്കം ടീമിന് മുതല്‍ക്കൂട്ടാവുമെന്നുറപ്പ്.
കോലിയെ സംബന്ധിച്ച് മിന്നും ഫോമിലാണ് താരമുള്ളത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ റെക്കോഡ് റണ്‍വേട്ടായിരുന്നു 35-കാരന്‍ നടത്തിയത്. മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടനം. കഴിഞ്ഞ ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരനും കോലിയായിരുന്നു. നിലയുറപ്പിച്ചിതിന് ശേഷം ആക്രമിക്കുന്ന കോലിയുടെ ശൈലി ടി20 ക്രിക്കറ്റിന് യോജിച്ചതല്ലെന്ന് വിമര്‍ശനമുയരാറുണ്ട്. എന്നാല്‍ തകര്‍പ്പന്‍ ഫോമിലുള്ള താരത്തെ സെലക്‌ടര്‍മാര്‍ക്ക് എങ്ങിനെ തഴയാനാവും.
ഹാര്‍ദിക്കിന്‍റേയും സൂര്യയുടേയും അഭാവം: പരിക്കിന്‍റെ പിടിയിലായതിനാല്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് അഫ്‌ഗാനെതിരെ കളിക്കാനാവില്ല. ഇതോടെ ടീമില്‍ രണ്ട് സ്ഥാനങ്ങളാണ് ഒഴിവ് വന്നത്. രോഹിത്തിന്‍റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ടി20 മത്സരങ്ങള്‍ കളിച്ചത്. ഹാര്‍ദിക്കിന് പരിക്കേറ്റതോടെ സൂര്യയും ടീമിനെ നയിച്ചിരുന്നു. സൂര്യയെയും ഹാർദിക്കിനെയും അപേക്ഷിച്ച് രോഹിതിന്റെയും കോലിയുടെയും കളിശൈലി വ്യത്യസ്തമാകുമെങ്കിലും, ഇരുവരും എതിരാളികളുടെ മനസിലുണ്ടാക്കുന്ന ഭയം ഏറെയാണ്.
നേതൃത്വവും സാഹചര്യത്തിന് അനുസരിച്ചുള്ള കളിയും: അന്താരാഷ്‌ട്ര ടി20യിലും ഐപിഎല്ലിലും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരമാണ് രോഹിത്. രോഹിത്തിന് കീഴില്‍ 51 ടി20 മത്സരങ്ങള്‍ കളിച്ച ഇന്ത്യ 39 എണ്ണത്തിലും വിജയിച്ചിട്ടുണ്ട്. 76.47 ആണ് വിജയ ശതമാനം. ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങള്‍ നേടിയ നായകന്‍ കൂടിയാണ് രോഹിത്. സാഹചര്യത്തിന് അനുസരിച്ച് തന്‍റെ കളിശൈലിയെ പരിവപ്പെടുത്താനുള്ള കഴിവ് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങളില്‍ ഇന്ത്യയ്‌ക്ക് ടി20 ഫോര്‍മാറ്റില്‍ പരിഗണിക്കാന്‍ ഏറെ ഓപ്ഷനുകൾ ഉണ്ട്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇവിടത്തെ ചില പിച്ചുകളുടെ സ്വഭാവം ഇപ്പോഴും അജ്ഞാതമാണ്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് മികച്ച പ്രകടം നടത്താനുള്ള കോലിയുടെ സമാനതകളില്ലാത്ത കഴിവ് സെലക്‌ടര്‍മാര്‍ പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നത്. കൂടാതെ ഇരുവരുടെ അനുഭവ സമ്പത്തും ടീമിന് മുതല്‍ക്കൂട്ടാവുന്ന ഘടകമാണ്.
ALSO READ: സൂര്യയ്ക്ക് 'സ്‌പോർട്‌സ് ഹെർണിയ', വരാനിരിക്കുന്നത് ഐപിഎല്ലും ടി20 ലോകകപ്പും: ആരാധകർക്ക് ഞെട്ടല്‍