അബുദാബി: നായകന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മുബൈ ഇന്ത്യന്‍സിന് എതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 196 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 195 റണ്‍സ് എടുത്തു. 54 പന്തില്‍ ആറ് സിക്‌സും മൂന്ന് ഫോറും അടക്കമാണ് രോഹിത് 80 റൺസ് നേടിയത്. ഓപ്പണറായി ഇറങ്ങിയ ക്വിന്‍റണ്‍ ഡി കോക്ക് നിരാശപ്പെടുത്തിപ്പോള്‍ മൂന്നാമനായ ഇറങ്ങിയ സൂര്യകുമാര്‍ യാദവ് 28 പന്തില്‍ 47 റണ്‍സെടുത്ത് ഹിറ്റ്മാന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 90 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഡി കോക്ക് ഒരു റണ്‍ മാത്രം എടുത്ത് പുറത്തായി.
പിന്നാലെ സൗരഭ് തിവാരിയുമായി ചേര്‍ന്ന് 49 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടും രോഹിത് ശര്‍മ ഉണ്ടാക്കി. 13 പന്തില്‍ ഒരു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 21 റണ്‍സെടുത്താണ് തിവാരി പുറത്തായത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരായ മത്സരത്തിലും 31 പന്തില്‍ 42 റണ്‍സെടുത്ത് തിവാരി തിളങ്ങിയിരുന്നു.
കീറോണ്‍ പൊള്ളാര്‍ഡ് 13 റണ്‍സെടുത്തും ക്രുണാല്‍ പാണ്ഡ്യ ഒരു റണ്‍സെടുത്തും പുറത്താകാതെ നിന്നപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ 18 റണ്‍സെടുത്ത് പുറത്തായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ശിവം മാവി രണ്ടും സുനില്‍ നരെയ്‌ന്‍, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.