ന്യൂഡല്‍ഹി: ബർമിങ്‌ഹാമില്‍ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും. ഓള്‍ ഇന്ത്യ വുമണ്‍സ് സെലക്ഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഗെയിംസിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് വനിതകളുടെ ടി20 ക്രിക്കറ്റ് മത്സരം ഉള്‍പ്പെടുത്തുന്നത്.
ഓസ്‌ട്രേലിയ, ബാർബഡോസ്, പാകിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലാണ്. 2022 ജൂലൈ 29ന് ആരംഭിക്കുന്ന ടൂർണമെന്‍റിന്‍റെ ലീഗ് ഘട്ടത്തിൽ മൂന്ന് വീതം മത്സരങ്ങളാണ് ഓരോ ടീമിനുമുള്ളത്. ഇരു പൂളിലെയും ആദ്യ രണ്ട് ടീമുകൾക്കാണ് സെമി ഫൈനല്‍ യോഗ്യത.
ടീം ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റന്‍ ), സ്‌മൃതി മന്ദാന (വൈസ് ക്യാപ്‌റ്റന്‍), ഷഫാലി വർമ, എസ് മേഘന, താനിയ സപ്‌ന ഭാട്ടിയ, യാസ്‌തിക ഭാട്ടിയ, ദീപ്‌തി ശർമ, രാജേശ്വരി ഗയക്വാദ്, പൂജ വസ്‌ത്രാകർ, മേഘ്ന സിങ്, രേണുക താക്കൂർ, ജെമിമ റോഡ്രിഗസ്, രാധാ യാദവ്, ഹർലീൻ ഡിയോൾ, സ്‌നേഹ റാണ.