മുംബൈ: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്ക് വരവറിയിക്കാനൊരുങ്ങി യുവ ഓൾ റൗണ്ടർ രാജ് അങ്കത് ബാവ. നിലവിൽ ന്യൂസിലാന്‍ഡ് എ ടീമിനെതിരായി നടക്കുന്ന ഇന്ത്യൻ എ ടീമിലേക്കാണ് താരത്തിന് വിളിയെത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിലെ സൂപ്പർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ബാക്കപ്പായിട്ടാണ് ചേതൻ ശർമയടങ്ങുന്ന സെലക്‌ടർമാർ യുവതാരത്തെ ഇന്ത്യൻ എ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.
ഈ വർഷം നടന്ന അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്‍റെ നായകനായിരുന്ന ബാവ ഒരു മീഡിയം പേസ് ബൗളറും മികച്ച ഇടംകൈയ്യൻ മധ്യനിര ബാറ്ററുമാണ്. മികച്ച ഓൾ റൗണ്ടർ പ്രകടനവുമായി കിരീട വിജയത്തിൽ നിർണായ പങ്കുവഹിച്ച താരമാണ് രാജ് ബാവ. അഞ്ച് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി നിര്‍ണായക 35 റണ്‍സെടുക്കുകയും ചെയ്‌തിരിന്നു രാജ്. ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും രാജ് തന്നെയായിരുന്നു.
ഇത്തവണ രഞ്ജി ട്രോഫിയിൽ ഛണ്ഡീഗഡിനായാണ് കളത്തിലറിങ്ങിയാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയത്. ഛണ്ഡീഗഡിനായി രണ്ട് മത്സരത്തിൽ മാത്രമാണ് കളത്തിലിറങ്ങിയത്. ബറോഡക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ രണ്ട് ഇന്നിങ്സിലുമായി 32, 41 റൺസ് വീതം നേടാനായി. ഹൈദരബാദിനെതിരായ രണ്ടാം മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 44 റൺസും രണ്ടാം ഇന്നിങ്സിൽ 35 റൺസുമായി പുറത്താകാതെ നിന്നു.
ശിവം ദുബെ, വിജയ് ശങ്കർ എന്നിവരെപ്പോലുള്ളവർ അന്താരാഷ്‌ട്ര തലത്തിൽ മികവിലെത്താത്തതിനാൽ, രാജ് ബാവയെ പോലെയുള്ള ബാക്ക്-അപ്പ് സീം ബൗളിംഗ് ഓൾറൗണ്ടർമാരെ വളർത്തിയെടുക്കാനാണ് സെലക്‌ടർമാരുടെ ശ്രമം. ഇന്ത്യയ്ക്ക് ധാരാളം സ്‌പിൻ ബൗളിംഗ് ഓൾറൗണ്ടർ ഓപ്ഷനുകൾ ഉണ്ട്. എന്നാൽ ലോവർ-മിഡിൽ ഓർഡറിൽ സ്ഥിരതയാർന്ന ആക്രമണ ബാറ്റിങ് പുറത്തെടുക്കുന്ന പേസ് ബൗളർമാരില്ല എന്നതാണ് ഇന്ത്യൻ ടീമിന്‍റെ വെല്ലുവിളി.
ALSO READ: അപ്രതീക്ഷിത തീരുമാനം; ന്യൂസിലന്‍ഡ് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ സഞ്ജു സാംസൺ നയിക്കും
ന്യൂസിലാന്‍ഡ് എ ടീമിനെതിരായി പരമ്പരയിൽ രാജ് ബാവയ്‌ക്ക് മികവിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് സെലക്‌ടർമാർ. ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ സാദൂകരിക്കുന്ന തരത്തിലുള്ള പ്രകടനം പുറത്തെടുത്താൽ ഭാവിയിൽ ഇന്ത്യയുടെ മധ്യനിര കൂടുതൽ മികവുറ്റതായേക്കും. പരമ്പരയിൽ തിളങ്ങാനായാൽ താരത്തിന്‍റെ സീനിയർ ടീം പ്രവേശനം അത്ര വിദൂരമാകില്ല.