ഡബ്ലിന്‍: ടി20 ക്രിക്കറ്റില്‍ അത്യപൂർവ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ടി20 മത്സരത്തിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോഡാണ് ഹാര്‍ദിക് അയര്‍ലന്‍ഡിനെതിരെ സ്വന്തമാക്കിയത്. മത്സരത്തിന്‍റെ രണ്ടാം ഓവറിൽ ഐറിഷ് ഓപ്പണർ പോള്‍ സ്റ്റെര്‍ലിങ്ങിനെ ദീപക് ഹൂഡയുടെ കൈകളില്‍ എത്തിച്ചാണ് ഹാര്‍ദിക് ചരിത്ര നേട്ടത്തില്‍ എത്തിയത്.
ഇന്ത്യന്‍ നായകനായി ഹാര്‍ദിക്കിന്‍റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ഇന്ത്യയുടെ ഒമ്പതാം ടി20 നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. നായകനായ ആദ്യ മത്സരത്തില്‍ ടോസ് നേടിയ താരത്തിന് ടീമിനെ വിജയത്തില്‍ എത്തിക്കാനും കഴിഞ്ഞു. 12 പന്തില്‍ 24 റണ്‍സ് എടുത്ത ഹാര്‍ദിക് ബാറ്റിങ്ങിലും നിർണായക പ്രകടനം പുറത്തെടുത്തു. ഐപിഎല്ലിലെ ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ജേതാക്കളാക്കിയാണ് ഹാര്‍ദിക് ക്യാപ്‌റ്റന്‍ എന്ന നിലയില്‍ ശ്രദ്ധേയനായത്.
മഴമൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് ആതിഥേയരായ അയർലൻഡിനെ കീഴടക്കിയത്. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത അയർലൻഡിന്‍റെ 109 റൺസ് വിജയലക്ഷ്യം 16 പന്തുകൾ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തിലാണ് ഇന്ത്യ മറികടന്നത്.