മുംബൈ: ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ഏകദിന ലോകകപ്പില്‍ നിന്നും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷം താരത്തിന്‍റെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് ഏറെ ഊഹാപോഹങ്ങളാണ് പ്രചരിച്ചത്. എന്നാല്‍ തന്‍റെ തിരിച്ചുവരവ് ഉടനുണ്ടാവുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ.
ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോ പുറത്തുവിട്ടുകൊണ്ടാണിത്. ഓരോ 'ദിവസവും പുരോഗതി' എന്ന് എഴുതിക്കൊണ്ട് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് 30-കാരനായ ഹാര്‍ദിക് പ്രസ്‌തുത വീഡിയോ പങ്കുവച്ചിരിക്കുന്നത്. (Hardik Pandya Posts Training Video). വേഗം തന്നെ ഹാര്‍ദിക്കിന് തിരിച്ചെത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിനും മുംബൈ ഇന്ത്യന്‍സിനും ഇതു നല്‍കുന്ന ആശ്വാസം ചെറുതൊന്നുമാകില്ല.
ലോകകപ്പില്‍ ഒക്‌ടോബര്‍ 19-ന് പൂനെയില്‍ നടന്ന മത്സരത്തിനിടെയാണ് ഹാര്‍ദിക്കിന് പരിക്കേല്‍ക്കുന്നത്. (Hardik Pandya Injury). പന്തെറിഞ്ഞതിന് ശേഷം ബംഗ്ലാദേശ് ബാറ്റുടെ ഷോട്ട് കാലുകൊണ്ട് തടുക്കാന്‍ ശ്രമിച്ചതാണ് ഇതിന് വഴിയൊരുക്കിയത്. തുടര്‍ന്ന് ലോകകപ്പില്‍ നിന്നും പുറത്തായ 30-കാരന് തുടര്‍ന്ന് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് എതിരായ വൈറ്റ് ബോള്‍ പരമ്പരകളിലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇനി ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര പരമ്പരയും നഷ്‌ടമാവുന്ന താരത്തിന് ഐപിഎല്ലില്‍ ഇറങ്ങാന്‍ കഴിയുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ട്. ജനുവരി 11 മുതല്‍ 17 വരെയാണ് ഇന്ത്യ-അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര കളിക്കുന്നത്. ഏപ്രില്‍-മെയ് മാസങ്ങളിലാണ് ഐപിഎല്‍ അരങ്ങേറുന്നത്.
ഇതിന് പിന്നാലെ ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവ് ഇന്ത്യയ്‌ക്കും ഏറെ നിര്‍ണായകമാണ്. അഫ്‌ഗാനെതിരെ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഐപിഎല്‍ കളിച്ചാവും ഹാര്‍ദിക് ഐപിഎല്ലിന് ഒരുങ്ങുക. അതേസമയം മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റനായാണ് ഹാര്‍ദിക് ഐപിഎല്ലിന്‍റെ പുതിയ സീസണില്‍ കളിക്കുക.
ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന താരത്തെ പുതിയ സീസണിന് മുന്നോടിയായി ട്രേഡിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്. മുംബൈയിലൂടെ 2015-ലാണ് ഹാര്‍ദിക് തന്‍റെ ഐപിഎല്‍ കരിയറിന് തുടക്കം കുറിക്കുന്നത്. 2021 വരെയുള്ള ഏഴ് സീസണുകളില്‍ താരം ഫ്രാഞ്ചൈസിക്ക് ഒപ്പമുണ്ടായിരുന്നു. പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ചേര്‍ന്ന താരം രണ്ട് സീസണുകളില്‍ ടീമിനെ നയിച്ചു.
2022 സീസണില്‍ ടീമിന് കിരീടം നേടിക്കൊടുത്ത താരം കഴിഞ്ഞ സീസണില്‍ ഗുജറാത്തിനെ രണ്ടാം സ്ഥാനത്തേക്കും എത്തിച്ചിരുന്നു. ഹാര്‍ദിക്കിനെ നായകനാക്കുന്നതിനായി രോഹിത് ശര്‍മയെ ചുമതലയില്‍ നിന്നും നീക്കിയത് ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. വിഷയത്തില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയ ആരാധകര്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മുംബൈ ഇന്ത്യന്‍സിനെ കൂട്ടത്തോടെ അണ്‍ഫോളോ ചെയ്‌തിരുന്നു. പ്രതിഷേധം കനത്തതോടെ ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് തങ്ങളുടെ തീരുമാനമെന്ന് പലകുറിയാണ് മുംബൈ മാനേജ്‌മെന്‍റിന് ആവര്‍ത്തിക്കേണ്ടി വന്നത്.