മുംബൈ : 10 വര്‍ഷങ്ങളായി ഐസിസി കിരീട വരള്‍ച്ച നേരിടുകയാണ് ഇന്ത്യ. 2013-ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം മറ്റൊരു ഐസിസി കിരീടം ടീമിന് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. ധോണി യുഗത്തിന് ശേഷമെത്തിയ വിരാട് കോലിക്കും നിലവില്‍ ചുമതലയുള്ള രോഹിത് ശര്‍മയ്‌ക്കും ഈ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
രോഹിത്തിന് കീഴില്‍ കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലും കഴിഞ്ഞ മാസം ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കളിച്ച ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയും ഏറെ ചോദ്യം ചെയ്യപ്പെട്ടു.
രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചവരുടെ നിരയിലേക്ക് കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും ചേര്‍ന്നിരുന്നു. ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ നിരാശനാണെന്നും താരത്തില്‍ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുവെന്നും ആയിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്. ഐപിഎല്ലില്‍ നൂറിലേറെ മത്സരങ്ങളില്‍ ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്തുള്ള 36-കാരന് ടി20 ഫോര്‍മാറ്റില്‍ പോലും ടീമിനെ ഐസിസി വേദികളില്‍ ഫൈനലില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഐപിഎല്ലില്‍ മിന്നും പ്രകടനം നടത്തുന്ന ഒരുപിടി മികച്ച താരങ്ങളുള്ളപ്പോഴാണ് ഈ ദുരവസ്‌ഥ. ടീമിന്‍റെ തോല്‍വികളില്‍ ക്യാപ്റ്റനും ഒപ്പം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നുമായിരുന്നു 76-കാരനായ ഗവാസ്‌കര്‍ തുറന്നടിച്ചത്.
![Harbhajan Singh support Rohit Sharma Harbhajan Singh on Rohit Sharma Harbhajan Singh Rohit Sharma Rohit Sharma captaincy Sunil Gavaskar Sunil Gavaskar criticize Rohit Sharma രോഹിത് ശര്‍മ ഹര്‍ഭജന്‍ സിങ് സുനില്‍ ഗവാസ്‌കര്‍ രോഹിത്തിനെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ് രോഹിത് ശര്‍മ ക്യാപ്റ്റന്‍സി](https://etvbharatimages.akamaized.net/etvbharat/prod-images/10-07-2023/18963818_thum.jpg)
വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നു : ഇപ്പോഴിതാ ഹിറ്റ്‌മാന് പൂര്‍ണ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ്. രോഹിത്തിനെതിരായ വിമര്‍ശനങ്ങള്‍ അതിരുകടന്നതായി തോന്നുന്നുവെന്നാണ് ഇന്ത്യന്‍ ടീമിലും മുംബൈ ഇന്ത്യന്‍സിലും രോഹിത്തിനൊപ്പം കളിച്ചിട്ടുള്ള ഹര്‍ഭജന്‍ സിങ് പറയുന്നത്.
"ആളുകൾ രോഹിത്തിനെ വിമർശിച്ച രീതി വളരെ അതിരുകടന്നതായി എനിക്ക് തോന്നുന്നു. ഒരു ടീം ഗെയിമാണ് ക്രിക്കറ്റ്. ഒരാള്‍ക്ക് മാത്രമായി അവിടെ ടീമിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനാവില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ടീം ഇന്ത്യ മികച്ച പ്രകടനം നടത്തിയില്ല. അത് ശരിയാണ്.
ആ പ്രകടനത്തെക്കുറിച്ച് സംസാരിച്ച് അവിടെ നിന്ന് മുന്നോട്ട് പോവുകയാണ് ചെയ്യേണ്ടത്. പക്ഷേ രോഹിത്തിനെ മാത്രം വിമർശിക്കുന്നത് അന്യായമാണ്. അവന്‍ റണ്‍സ് നേടുന്നില്ല, അമിത ഭാരമാണ്, മികച്ച രീതിയില്‍ ക്യാപ്റ്റന്‍സി കൈകാര്യം ചെയ്യുന്നില്ല എന്നിങ്ങനെ പോകുന്നതാണ് രോഹിത്തിനെതിരായ വിമര്‍ശനങ്ങള്‍. പക്ഷേ, അവന്‍ ഏറെ മിടുക്കനായ ക്യാപ്റ്റനാണെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്" - ഹര്‍ഭജന്‍ പറഞ്ഞു.
പിന്തുണ നല്‍കണം : രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിയില്‍ വിശ്വാസം പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു."ഞാന്‍ രോഹിത്തിനൊടൊപ്പം കളിക്കുകയും അടുത്തറിയുകയും ചെയ്‌തിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്‍റെ മാത്രമല്ല, ഇന്ത്യൻ ഡ്രസ്സിങ് റൂമിലും ഏറെ ബഹുമാനിക്കപ്പെടുന്ന താരമാണ് രോഹിത്.
അതിനാൽ സമീപകാല ഫലങ്ങളുടെ അടിസ്ഥാനത്തിൽ അവനെ വിലയിരുത്തുന്നത് അന്യായമാണെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. രോഹിത് ഇതിലേറെ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. രോഹിത് ടീമിനെ മികച്ച നിലയില്‍ എത്തിക്കും. അതിനായി അവനില്‍ വിശ്വാസം പ്രകടിപ്പിക്കേണ്ടതുണ്ട്. അവനെ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്താതെ പിന്തുണയ്‌ക്കുകയാണ് വേണ്ടത്" - ഹര്‍ഭജന്‍ വ്യക്തമാക്കി.