മുംബൈ: 2007ലെ പ്രഥമ ടി20 ലോകകപ്പ്, പല വമ്പന്മാരെയും തകര്‍ത്താണ് എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവനിര അന്ന് കിരീടം ഉയര്‍ത്തിയത്. അതിന് ശേഷം ഏഴ് ടി20 ലോകകപ്പുകള്‍ കടന്നു പോയി. 2007ന് ശേഷം 2014ല്‍ മാത്രമാണ് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലെത്തിയത്.
എന്നാല്‍, അന്ന് ശ്രീലങ്കയോട് തോറ്റ് മടങ്ങാനായിരുന്നു വിധി. കഴിഞ്ഞ ടി20 ലോകകപ്പിന്‍റെ സെമിയില്‍ എത്തിയെങ്കിലും ഇന്ത്യക്ക് ഇംഗ്ലണ്ടിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. പത്ത് വിക്കറ്റിനാണ് 2022 ലോകകപ്പിന്‍റെ സെമിയില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെട്ടത്.
കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമായാണ് ഐസിസി ടി20 ലോകകപ്പ് ഉള്‍പ്പടെയുള്ള ടൂര്‍ണമെന്‍റുകളിലേക്ക് ഇന്ത്യ എത്തുന്നത്. എന്നാല്‍, അത് മുതലാക്കാന്‍ 2013ന് ശേഷം ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ടി20 ക്രിക്കറ്റിന് ടീം സമീപിക്കുന്ന രീതി മാറണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ്.
ഏകദിന ടെസ്റ്റ് ഫോര്‍മാറ്റുകള്‍ക്കും ടി20യ്‌ക്കും ഇന്ത്യ വ്യത്യസ്‌ത പരിശീലകര്‍ക്ക് കീഴില്‍ കളിക്കണമെന്നാണ് ഹര്‍ഭജന്‍റെ നിര്‍ദേശം. ഇപ്പോള്‍ രണ്ട് ക്യാപ്‌റ്റന്മാര്‍ ഇന്ത്യന്‍ ടീമിനുണ്ട്. പിന്നെന്തുകൊണ്ടാണ് രണ്ട് പരിശീലകരെ പരിഗണിക്കാത്തത്.
മറ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വ്യത്യസ്‌തമായ രീതിയില്‍ മത്സരത്തെ ആസൂത്രണം ചെയ്യുന്ന ഒരാളെയാണ് ടി20യ്‌ക്ക് ആവശ്യം. ബ്രണ്ടന്‍ മെക്കല്ലത്തിനൊപ്പം ഇംഗ്ലണ്ട് ചെയ്യുന്നത് പോലെ.
വിരേന്ദര്‍ സെവാഗ്, ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലെത്തിച്ച ആശിഷ് നെഹ്‌റ എന്നിവര്‍ അതുപോലെയുള്ളവരാണ്. ടി20യുടെ ആശയവും ഗെയിമിന്‍റെ ആവശ്യങ്ങളും മനസിലാക്കുന്ന ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ട് വരികയാണ് വേണ്ടത്.
ഇങ്ങനെ ഓരോ ഫോര്‍മാറ്റിലും വ്യത്യസ്‌ത പരിശീലകരെ നിയോഗിച്ചാല്‍ അവര്‍ക്ക് അതനുസരിച്ച് വ്യത്യസ്‌തമായ രീതിയില്‍ ഓരോ മത്സരത്തിനും ആസൂത്രണം നടത്താന്‍ സാധിക്കും. ഇപ്പോള്‍ ഉദാഹരണമായി, ആശിഷ് നെഹ്‌റയാണ് ടി20 ടീമിനെ പരിശീലിപ്പിക്കുന്നതെങ്കില്‍ ഈ ഫോര്‍മാറ്റില്‍ ടീമിനെ ചാമ്പ്യന്മാരാക്കുക എന്നതാണ് തന്‍റെ ചുമതല എന്ന് അദ്ദേഹത്തിന് അറിയാം. ടെസ്റ്റ്-ഏകദിന ടീമുകളെ ഒന്നാം റാങ്കിലെത്തിക്കുക എന്നതായിരിക്കും രാഹുല്‍ ദ്രാവിഡ് ചെയ്യേണ്ട ജോലി എന്ന് അദ്ദേഹത്തിനും അറിയാന്‍ സാധിക്കുമെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
2022 ലെ ടി20 ലോകകപ്പ് പരാജയത്തിന് പിന്നാലെ ഇന്ത്യ മുതിര്‍ന്ന താരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2024ല്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നിവിടങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പില്‍ യുവ സംഘത്തെ അയക്കാനാണ് ഇന്ത്യ പദ്ധതി ഇട്ടിരിക്കുന്നത്. ഇതിനായി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയുള്ള ടീമിനെയാണ് ബിസിസിഐ സജ്ജമാക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഈ റിപ്പോര്‍ട്ടുകള്‍ ശരിവയ്‌ക്കും വിധത്തിലായിരുന്നു ലോകകപ്പിന് ശേഷം നടന്ന ടി20 പരമ്പരകള്‍. ഈ പരമ്പരകളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ഇന്ത്യക്കായി കളിച്ചിരുന്നില്ല. ഏകദിന ലോകകപ്പ് ഉള്‍പ്പടെ വരാനിരിക്കുന്നതിനാലാണ് ഇവരെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയതെന്നായിരുന്നു ബിസിസിഐയുടെ വിശദീകരണം.