ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പില്‍ മിന്നും ഫോമിലാണ് പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ ബാറ്റ് വീശുന്നത്. രാജസ്ഥാനെതിരെ 56 പന്തില്‍ 86 റണ്‍സ് അടിച്ച ധവാന്‍ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ പുറത്താകാതെ 99 റണ്‍സ് നേടിയിരുന്നു. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 40 റണ്‍സും പഞ്ചാബ് നായകന്‍ സ്വന്തമാക്കി.
മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നിലവില്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലും ധവാനാണ് മുന്നില്‍. കഴിഞ്ഞ സീസണിലും ധവാന്‍ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചിരുന്നത്. അവസാന സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 460 റണ്‍സായിരുന്നു ധവാന്‍ അടിച്ചുകൂട്ടിയത്.
ഇതേ മികവ് അന്താരാഷ്‌ട്ര തലത്തിലും പുലര്‍ത്താന്‍ സാധിച്ചിരുന്നു. നിരവധി മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച ധവാന്‍ നായകനായും ടീമിന് വേണ്ടി മികച്ച പ്രകടനങ്ങളാണ് പുറത്തെടുത്തത്. എന്നാല്‍ കഴിഞ്ഞ ഡിസംബറിന് ശേഷം താരത്തിന് ഇന്ത്യന്‍ ടീമില്‍ വേണ്ടത്ര അവസരങ്ങളും ലഭിച്ചിരുന്നില്ല.
ഈ വര്‍ഷം, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ ഏകദിന-ടി20-ടെസ്റ്റ് പരമ്പരകള്‍ കളിച്ചത്. എന്നാല്‍ ഇതില്‍ ഒരു പരമ്പരയിലും ധവാന്‍ ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായിരുന്നില്ല. ഇതിന് പിന്നാലെയെത്തിയ ഐപിഎല്ലില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴാണ്, ഇന്ത്യന്‍ ടീം ഇങ്ങനെയല്ല ശിഖര്‍ ധവാനെ പരിഗണിക്കേണ്ടതെന്ന പ്രതികരണവുമായി മുന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്തെത്തിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ശിഖര്‍ ധവാന്‍റെ ഇന്നിങ്‌സിന് പിന്നാലെയാണ് ഹര്‍ഭജന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രതികരണം നടത്തിയത്. ' ശിഖര്‍ പഞ്ചാബിനെ നല്ല രീതിയിലാണ് നയിക്കുന്നത്. സ്ഥിരമായി മികച്ച പ്രകടനം നടത്താനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് കീഴില്‍ ഇന്ത്യന്‍ ടീമും മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹത്തെ കൊണ്ടുള്ള ഉപോയഗം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടീം അയാളെ മാറ്റിനിര്‍ത്തുന്നത് പോലെയാണ് തോനുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് ഇത്രയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള ഒരു താരത്തിന്‍റെ ഇപ്പോഴുള്ള അവസ്ഥ ശരിക്കും സങ്കടകരമാണ്.
ഇങ്ങനെയെല്ല ശിഖര്‍ ധവാനെ ഇന്ത്യന്‍ ടീം പരിഗണിക്കേണ്ടത്. രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ക്ക് ധാരാളം അവസരം കിട്ടുന്നുണ്ട്. മറുവശത്ത് ധവാന് ഇപ്പോള്‍ ടീമില്‍പ്പോലും സ്ഥാനമില്ല.
ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പടെയുള്ള പ്രധാന ടൂര്‍ണമെന്‍റുകളില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ ചെറുതല്ല. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്? ഇത്രയൊക്കെയായിട്ടും എന്തുകൊണ്ടാണ് അയാളെ അവഗണിക്കുന്നത് ?
ധവാന് ഇനിയും ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണമെന്നാണ് എന്‍റെ അഭിപ്രായം. അതിന് എതിര് നില്‍ക്കുന്നത് ഫിറ്റ്‌നസ് ആണെന്നാണ് ആരുടെയങ്കിലും അഭിപ്രായമെങ്കില്‍ ധവാന്‍ വിരാട് കോലിയെപ്പേലെ തന്നെ ഫിറ്റാണെന്ന് ഞാന്‍ പറയും. കൂടാതെ അവന്‍ റണ്‍സ് നേടുന്നുണ്ടെന്നും'- ഹര്‍ഭജന്‍ വ്യക്തമാക്കി.