ന്യൂഡൽഹി : ഇക്കഴിഞ്ഞയിടെയാണ് ഇന്ത്യൻ സ്‌പിൻ ഇതിഹാസം ഹർഭജൻ സിങ് ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് ഔദ്യോഗികമായി വിടപറഞ്ഞത്. ടീമിൽ നിന്ന് തനിക്ക് അർഹിച്ച പരിഗണന ലഭിച്ചില്ലെന്നും ബിസിസിഐയിലെ ചിലരുടെ താൽപര്യങ്ങളാണ് ടീമിൽ തന്‍റെ ഇടം നഷ്‌ടമാക്കിയതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
എന്നാൽ ധോണിക്ക് ബിസിസിഐയിൽ നിന്ന് അധിക പിന്തുണ ലഭിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹർഭജൻ. 'മറ്റേത് താരങ്ങളെക്കാളും ബിസിസിഐയിൽ നിന്ന് ഉറച്ച പിന്തുണ ലഭിച്ച വ്യക്‌തിയാണ് ധോണി. മറ്റ് താരങ്ങൾക്കും ഇതുപോലെ പിന്തുണ ലഭിച്ചിരുന്നെങ്കിൽ അവരും നന്നായി കളിച്ചേനെ. അല്ലാതെ മറ്റ് താരങ്ങൾക്ക് കളിക്കാൻ അറിയാഞ്ഞിട്ടല്ല', ഹർഭജൻ പറഞ്ഞു.
ALSO READ: '23 വർഷത്തെ യാത്ര അവിസ്മരണീയമാക്കിയ ഏവര്‍ക്കും നന്ദി' ; വിരമിക്കല്‍ പ്രഖ്യാപനവുമായി ഹര്‍ഭജന്‍
അതേസമയം തന്നെ ടീമിൽ നിന്ന് തഴയാനുള്ള നിർദേശം ബിസിസിഐ നൽകിയപ്പോൾ അതിനെ അന്നത്തെ ടീം ക്യാപ്‌റ്റനായ ധോണിയും പിന്തുണച്ചിരിക്കാമെന്നും ഹർഭജൻ പറഞ്ഞു.
'ഞാൻ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താകുന്ന സമയത്ത് മഹേന്ദ്ര സിങ് ധോണിയായിരുന്നു നായകൻ. പക്ഷേ എന്‍റെ കരിയറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ധോണിയുടെ പരിധിയിൽ വരുന്ന കാര്യമല്ല. ഇക്കാര്യത്തിൽ ഇടപെട്ടിരുന്ന ചില ബിസിസിഐ അധികൃതരുണ്ടായിരുന്നു. അവരുടെ താൽപര്യങ്ങളെ ക്യാപ്‌റ്റനെന്ന നിലയിൽ ധോണിയും പിന്തുണച്ചിട്ടുണ്ടാകാം', ഹർഭജൻ കൂട്ടിച്ചേർത്തു.