ന്യൂഡല്‍ഹി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ടി20 ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കാന്‍ ആലോചന. ഇന്ത്യയും ലോക ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്‍റെ സാധ്യതകള്‍ ആരാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ബിസിസിഐക്ക് കത്തയച്ചു. ആസാദി കി അമൃത് മഹോത്സവിന്‍റെ ഭാഗമായി ഓഗസ്റ്റ് 22ന് മത്സരം സംഘടിപ്പിക്കാന്‍ കഴിയുമോയെന്നാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ചോദിച്ചിരിക്കുന്നത്.
മുന്‍നിര ഇന്ത്യന്‍ താരങ്ങളെയും വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയുള്ള മത്സരമാണ് സര്‍ക്കാറിന് താല്‍പര്യം. എന്നാല്‍ വിദേശ താരങ്ങളുടെ ലഭ്യത സംബന്ധിച്ച് നിരവധി കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.
'മത്സരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കത്ത് ലഭിച്ചിട്ടുണ്ട്. ലോക ഇലവന്‍ ടീമില്‍ കുറഞ്ഞത് 13-14 താരങ്ങളെങ്കിലും വേണം. അവരുടെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്', ബിസിസിഐയോട് അടുത്ത വ്യത്തങ്ങള്‍ പ്രതികരിച്ചു.
ഇംഗ്ലണ്ടില്‍ പ്രാദേശിക സീസണും കരീബിയന്‍ പ്രീമിയര്‍ ലീഗും നടക്കുന്നത് ഓഗസ്റ്റിലാണ്. ഇക്കാരണത്താല്‍ നഷ്‌ടപരിഹാരം നല്‍കി അവരുടെ ലഭ്യത ഉറപ്പുവരുത്താനാവുമോ എന്ന് പരിശോധിക്കുന്നുണ്ട്.
ജൂലൈ 22 മുതല്‍ 26 വരെ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തില്‍ വിവിധ അസോസിയേഷനുകളുമായി ബിസിസിഐ ഇക്കാര്യം സംസാരിക്കും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായതിനാല്‍ ഇന്ത്യന്‍ താരങ്ങളുടെ പങ്കാളിത്തം പ്രശ്‌നമാകില്ലെന്നും ബിസിസിഐ കണക്കുകൂട്ടുന്നുണ്ട്.