മുംബൈ : ഏകദിന ലോകകപ്പിലെ ഓസീസ്-അഫ്‌ഗാൻ ആവേശപ്പോരാട്ടത്തിന്‍റെ 47-ാം ഓവറിലെ അഞ്ചാം പന്ത് ഡീപ്പ് വിക്കറ്റിന് മുകളിലൂടെ സ്റ്റേഡിയത്തിലേക്ക് പറക്കുമ്പോൾ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനത്തിലൊന്നിനാണ് വാങ്കഡെയിലെത്തിയ ആരാധകർ സാക്ഷിയായത്. വേദന കടിച്ചമർത്തിയും ക്രീസിൽ തുടർന്ന് ഗ്ലെൻ മാക്‌സ്‌വെൽ നടത്തിയ ഒറ്റയാൾ പോരാട്ടമായിരുന്നുവത്. 128 പന്തുകൾ നേരിട്ട് 21 ബൗണ്ടറിയും 10 സിക്‌സറുകളും അടക്കം 201 റൺസ്...
ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാൻ മുന്നിൽ വച്ചുനീട്ടിയ 292 റൺസിലേക്ക് ബാറ്റുവീശിയ ഓസീസ് മുൻനിരയും മധ്യനിരയും തകർന്നടിഞ്ഞതോടെ രക്ഷാദൗത്യം മാക്‌സ്‌വെല്ലിന്‍റെ ചുമലിലായി. ഒമ്പതാം ഓവറിൽ ജോഷ് ഇംഗ്ലിസ് പൂജ്യത്തിന് പുറത്തായതോടെ മാക്‌സ്‌വെൽ ക്രീസിലെത്തുന്നത്. അപ്പോൾ ടീം സ്‌കോർ നാല് വിക്കറ്റ് നഷ്‌ടത്തിൽ 49 റൺസ് മാത്രം. പിന്നീട് 50 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ കൂടെ നഷ്‌ടമായതോടെ ഓസീസ് തോൽവിയുറപ്പിച്ചിരുന്നു.
നൂർ അഹമ്മദിന്‍റെ പന്തിൽ മാക്‌സ്‌വെൽ നൽകിയ അനായാസ ക്യാച്ച് മുജീബിന്‍റെ കൈകളിൽ നിന്ന് ചോരുമ്പോൾ ഓസീസ് സ്‌കോർബോർഡിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 91 റൺസ് മാത്രം. മാക്‌സെവെല്ലിന്‍റെ പേരിൽ ചേർത്തിരുന്നത് 33 റൺസും. പിന്നാലെ പുതുജീവൻ കിട്ടിയ ഗ്ലെൻ മാക്‌സവെല്ലിന്‍റെ അവിശ്വസീനിയ പ്രകടനത്തിനാണ് ആരാധകർ സാക്ഷിയായത്.
മറുവശത്ത് അഫ്‌ഗാൻ ബൗളിങ് നിരയെ മികച്ച രീതിയിൽ പ്രതിരോധിച്ച്, നായകൻ പാറ്റ് കമിൻസ് നൽകിയ മികച്ച പിന്തുണയും മാക്‌സ്‌വെല്ലിന്‍റെ അവിസ്‌മരണീയ ഇന്നിങ്‌സിന് കൂടുതൽ സഹായകമായി. തന്‍റെ വലത് കാൽ നിലംതൊടാനാകാത്ത വിധം വേദനകൊണ്ട് പുളഞ്ഞ സാഹചര്യത്തിലും നിശ്ചയാദാർഢ്യം കൊണ്ടുമാത്രമാണ് മാക്‌സ് ഇന്നിങ്‌സ് പടുത്തുയർത്തിയത്.
അതുവരെ ഓസീസിനെ തോൽവിയുടെ മരണച്ചുഴിയിലേക്ക് വീഴ്ത്തിയ അഫ്‌ഗാൻ ബൗളിങ് നിര മാക്‌സ്‌വെല്ലിന് മുന്നിൽ നിസാഹയരായി. 50 പന്തിൽ അർധസെഞ്ച്വറിയിലെത്തിയ താരം 78-ാം പന്തിലാണ് നൂറ് കടന്നത്. പിന്നാലെ വലതുകാലിനേറ്റ പരിക്കിനെ തുടർന്ന് നിരവധി തവണയാണ് വൈദ്യസഹായം തേടിയത്. ഒരോ തവണയും ക്രീസിലേക്ക് മടങ്ങിയെത്തുമ്പോൾ മാക്‌സ്‌വെല്ലിന്‍റെ പ്രഹരശേഷി ഇരട്ടിയാകുന്നതാണ് കണ്ടത്.
ഒരു ഘട്ടത്തില്‍ മൈതാനത്ത് തളര്‍ന്നുവീണ് പിൻവാങ്ങാൻ ഒരുങ്ങിയ മാക്‌സിന് പകരക്കാരനായി ആദം സാംപ ഗ്രൗണ്ടിലെത്തിയതാണ്. എന്നാല്‍ വേദന കടിച്ചമർത്തി സ്വന്തം ആരോഗ്യം പരിഗണിക്കാതെ ഒറ്റയ്ക്ക് ആ വലിയ ഉത്തരവാദിത്വം ഏറ്റെടുത്ത മാക്‌സ്‌വെല്‍ ടീമിനെ വിജയതീരമണക്കുകയായിരുന്നു.
പരിക്കിനെ തുടർന്ന് വിക്കറ്റുകൾക്കിടയിലെ ഓട്ടം പരമാവധി ഒഴിവാക്കിയ മാക്‌സ് ഫോറുകളിലൂടെയും സിക്‌സറികളിലൂടെയും സ്‌കോർബോർഡ് ചലിപ്പിച്ചതോടെ ഓസീസ് ഡഗൗട്ടിൽ പ്രതീക്ഷയുടെ ചിരിപടർന്നു. മുജീബ് എറിഞ്ഞ 47-ാം ഓവറിലെ ആദ്യ പന്ത് പ്രതിരോധിച്ച മാക്‌സ്‌വെൽ തുടർന്നുള്ള നാല് പന്തുകളിൽ മൂന്ന് സിക്‌സുകളും ഒരു ഫോറുമടക്കം 22 റൺസാണ് അടിച്ചെടുത്ത്. ഇതോടെ 200 കടന്ന താരം ഓസീസിന് സെമി ഫൈനലിലേക്കുള്ള ടിക്കറ്റും ഉറപ്പാക്കി.