മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ റിഷഭ് പന്ത്-ഹാർദിക് പാണ്ഡ്യ കൂട്ടുകെട്ടിനെ പ്രശംസിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഗവാസ്‌കര്‍. ഇരുവര്‍ക്കും ഇന്ത്യയ്‌ക്കായി യുവരാജ് സിങ്-എംഎസ് ധോണി കൂട്ടുകെട്ട് പുനർനിർമ്മിക്കാൻ കഴിയുമെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അതെ, ഹാർദിക് പാണ്ഡ്യയ്‌ക്കും റിഷഭ് പന്തിനും തീർച്ചയായും യുവരാജിനെയും ധോണിയെയും പോലെ ഒരു ജോഡി രൂപപ്പെടുത്താൻ കഴിയും. ഇരുവർക്കും കൂറ്റൻ സിക്‌സറുകൾ പറത്താനുള്ള കഴിവുണ്ടായിരുന്നു, കൂടാതെ വിക്കറ്റുകൾക്കിടയിൽ നന്നായി ഓടുകയും ചെയ്‌തു”, ഗവാസ്‌കർ പറഞ്ഞു.
മാഞ്ചസ്റ്റില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവാന്‍ ഹാര്‍ദികിനും പന്തിനും കഴിഞ്ഞിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ഇരുവരും ചേര്‍ന്ന് നേടിയ 133 റണ്‍സിന്‍റെ കൂട്ടുകെട്ടാണ്. 55 പന്തില്‍ 71 റണ്‍സെടുത്ത് ഹാര്‍ദിക് തിരിച്ച് കയറിയെങ്കിലും 125 റണ്‍സോടെ പുറത്താവാതെ നില്‍ക്കാന്‍ പന്തിന് കഴിഞ്ഞിരുന്നു. പന്തിന്‍റെ ആദ്യ ഏകദിന സെഞ്ച്വറിയാണ് ഇത്.
അതേസമയം ബോളുകൊണ്ടും ഹാര്‍ദിക് മിന്നിയിരുന്നു. ഏഴ് ഓവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ഹാര്‍ദികിന്‍റെ കരിയറിലെ മികച്ച ബോളിങ് പ്രകടനം കൂടിയാണിത്. താരത്തിന്‍റെ ഈ പ്രകടനത്തേയും ഗവാസ്‌കര്‍ അഭിനന്ദിച്ചു.
ഇന്ത്യയ്‌ക്ക് ഒരു ഓൾറൗണ്ടറുടെ ആവശ്യമുണ്ടായിരുന്ന സമയത്താണ് 28 കാരനായ താരം ദേശീയ ടീമിൽ തിരിച്ചെത്തിയതെന്ന് ഗവാസ്‌കർ പറഞ്ഞു. “ഇന്ത്യക്ക് ഒരു ഓൾറൗണ്ടറെ അത്യാവശ്യമുള്ള സമയത്താണ് ഹാർദിക് തന്‍റെ തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ ടീമിന് പത്ത് ഓവർ ബോൾ ചെയ്യാനും ബാറ്റ് ചെയ്യാനുമുള്ള ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക്കും ജഡേജയുമുണ്ട്.
1983, 1985, 2011, 2013 വർഷങ്ങളിൽ ലോക ചാമ്പ്യൻഷിപ്പ് നേടിയ ടീമുകളെ നോക്കൂ, എല്ലാവർക്കും മികച്ച ഓൾറൗണ്ടർമാർ ഉണ്ടായിരുന്നു”, ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
also read: '' 20 മിനിട്ട് തരൂ, കോലിയെ വീണ്ടും ഫോമിലാക്കാം''; സഹായ വാഗ്‌ദാനവുമായി മുൻ സൂപ്പർതാരം