ന്യൂഡല്‍ഹി: ഇതിഹാസ ക്രിക്കറ്റര്‍ ഷെയ്ന്‍ വോണിന്‍റെ മരണത്തിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 52കാരനായ വോണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ വില്ലയില്‍ മരണപ്പെട്ടത്.
ഇതിന് പിന്നാലെ ഒരു ചാനലിന് നല്‍കി അഭിമുഖത്തില്‍ താരത്തിന്‍റെ മരണത്തില്‍ അനുശോചനം നടത്തിയെങ്കിലും വോണ്‍ എക്കാലത്തേയും മികച്ച സ്പിന്നറല്ലെന്നായിരുന്നു ഗവാസ്‌ക്കര്‍ പറഞ്ഞത്.
ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള താരമാണെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരും ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുമാണ് എക്കാലത്തെയും മികച്ച സ്പിന്നര്‍മാരെന്നുമായിരുന്നു താരത്തിന്‍റെ പ്രതികരണം. ഇന്ത്യയിലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെയും വോണിന്‍റേത് ശരാശരി പ്രകടനം മാത്രമായിരുന്നുവെന്നും താരം ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഖേദം പ്രകടിച്ച് ഗവാസ്‌കര്‍ രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരത്തിന്‍റെ ഖേദപ്രകടനം. ''കഴിഞ്ഞ ആഴ്‌ച ക്രിക്കറ്റ് ലോകത്തിന് വളരെ ആഘാതകരമായ സമയമായിരുന്നു, 24 മണിക്കൂറിനുള്ളിൽ, നമ്മൾക്ക് രണ്ട് ഐക്കണുകളെ നഷ്ടപ്പെട്ടു.
റോഡ്‌നി മാർഷും ഷെയ്ൻ വോണും. ടിവിഷന്‍ അഭിമുഖത്തില്‍ വോണാണോ ഏറ്റവും മികച്ച സ്പിന്നർ എന്ന് അവതാരകൻ എന്നോട് ചോദിച്ചു, ഞാൻ സത്യസന്ധമായ അഭിപ്രായം പറഞ്ഞു. അത്തരം ഒരു ചോദ്യം ചോദിക്കാനോ, ഞാനതിന് ഉത്തരം നല്‍കാനോ പാടില്ലായിരുന്നു.
also read: ഇന്ത്യയുടെ അഭിമാനമുയർത്തിയ അഞ്ച് വനിതകൾ, കൂടുതൽ അറിയാം
ഒരു താരതമ്യത്തിനോ, വിലയിരുത്തലിനോ പറ്റിയ സമയമല്ലായിരുന്നു അത്. എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായിരുന്നു വോൺ. മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായിരുന്നു റോഡ്‌നി മാർഷ്. ഇരുവരുടെയും വിയോഗം കനത്ത നഷ്ടമാണ്.'' ഗവാസ്‌കര്‍ പറഞ്ഞു.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നറായാണ് വോണ്‍ അറിയപ്പെടുന്നത്. ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ശേഷം ക്രിക്കറ്റിൽ 1000 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന ഏക ക്രിക്കറ്റർ കൂടിയാണ് വോണ്‍.ടെസ്റ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റും ഏകദിനത്തിൽ 194 മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റുകളും വോണ്‍ സ്വന്തമാക്കിയിട്ടുണ്ട്.