ന്യൂഡൽഹി : ഇന്ത്യൻ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയും, ഗൗതം ഗംഭീറും തമ്മില്‍ അത്ര രസത്തിലല്ലെന്നത് നേരത്തേ വ്യക്തമായതാണ്. ഒരവസരം കിട്ടിയാൽ ധോണിക്കിട്ടൊരു 'കുത്ത്' കൊടുക്കാൻ ഗംഭീർ ശ്രമിക്കുന്നത് കാണാറുണ്ട്. ഇപ്പോൾ തങ്ങൾ തമ്മിൽ പ്രശ്‌നങ്ങളുണ്ട് എന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗംഭീർ.
എനിക്ക് ഏറെ ബഹുമാനമുള്ള വ്യക്‌തിയാണ് ധോണി. അത് എല്ലാ കാലത്തും അങ്ങനെ തന്നെ നിലനിൽക്കും. ഇത് 138 കോടി ജനങ്ങൾക്ക് മുൻപാകെ പറയാനും ഞാൻ തയ്യാറാണ്. ഒരു പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന വ്യക്‌തി ഞാനായിരിക്കും. കാരണം അത്രത്തോളം സംഭാവനകൾ ധോണി ഇന്ത്യൻ ക്രിക്കറ്റിന് നൽകിയിട്ടുണ്ട് - ഗംഭീർ പറഞ്ഞു.
ALSO READ: ISL : കന്നി കിരീടം തേടുന്ന ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി ; അഡ്രിയാന്‍ ലൂണ കളിച്ചേക്കില്ല
ഞങ്ങൾ തമ്മിൽ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാം. അത് കളിയെ ഞങ്ങളുടേതായ രീതിയിൽ കാണുന്നതുകൊണ്ടാണ്. രണ്ട് ടീമുകൾക്ക് വേണ്ടി കളിക്കുമ്പോൾ ഞങ്ങൾ ശത്രുക്കളായിരിക്കാം. എന്നാൽ ഒരു ടീമിൽ കളിക്കുമ്പോൾ അങ്ങനെയല്ല. ധോണി ഇന്ത്യൻ നായകനായിരുന്നപ്പോൾ അദ്ദേഹത്തിന് കീഴിൽ ഏറ്റവുമധികം കാലം വൈസ് ക്യാപ്‌റ്റനായിരുന്നയാൾ ഞാനാണ് - ഗംഭീർ പറഞ്ഞു.
കൂടാതെ മൂന്നാം നമ്പറിൽ തന്നെ ബാറ്റിങ് തുടർന്നിരുന്നെങ്കിൽ ഏകദിന ക്രിക്കറ്റിലെ ഏറെക്കുറെ എല്ലാ റെക്കോഡുകളും ധോണി മറികടക്കുമായിരുന്നുവെന്നും ഗംഭീർ കൂട്ടിച്ചേർത്തു.