ചെന്നൈ: ഏകദിന ലോകകപ്പിൽ (Cricket World Cup 2023) ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വിരാട് കോലിയ്‌ക്കുള്ളത്. രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ട് തുടക്കം പാളിയ ഇന്ത്യയെ തുടര്‍ന്ന് ഒന്നിച്ച കോലിയും കെഎല്‍ രാഹുലും ചേര്‍ന്നാണ് ട്രാക്കിലാക്കിയത്. ഏറെ നീണ്ട ശ്രമത്തിനൊടുവില്‍ കോലിയെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞുവെങ്കിലും മത്സരം ഇന്ത്യ ഉറപ്പിച്ചിരുന്നു. ഈ പ്രകടനത്തിന് വിരാട് കോലിയെ (Virat Kohli) അഭിനന്ദിച്ചിരിക്കുകയാണ് ഇന്ത്യൻ മുന്‍ ഓപ്പണർ ഗൗതം ഗംഭീർ (Gautam Gambhir lauds Virat Kohli).
സമ്മര്‍ദത്തെ ഉള്‍ക്കൊണ്ടുകൊണ്ട് കുറഞ്ഞ റിസ്‌ക്കുള്ള ക്രിക്കറ്റാണ് കോലി കളിച്ചത്. വിരാട് കോലിയുടെ ഇന്നിങ്‌സില്‍ നിന്നും യുവതാരങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഗൗതം ഗംഭീർ പറഞ്ഞു (Gautam Gambhir on Virat Kohli's performance against Australia).
"ഒരു മത്സരത്തേയും സാഹചര്യത്തേയും മനസിലാക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വലിയ സ്‌കോറുകള്‍ പിന്തുടരേണ്ടി വരുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ സമ്മർദം ഉൾക്കൊള്ളണം. ഏത് സാഹചര്യത്തിലും ഏതു സ്ഥാനത്തുനിന്നും അതു നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം നിങ്ങള്‍ക്കുണ്ടാവേണ്ടത് പ്രധാനമാണ്.
വലിയ ഷോട്ടുകള്‍ അടിക്കാതെയാണ് കോലി തന്‍റെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയതെന്ന് നമുക്ക് കാണാം. ഇത്തരം സാഹചര്യങ്ങളില്‍ അതു ഏറെ നിര്‍ണായകമാണ്. മികച്ച രീതിയില്‍ സ്ടൈക്ക് റോട്ടേറ്റ് ചെയ്‌തു കളിക്കേണ്ട സാഹചര്യമാണത്. അതിനു കഴിഞ്ഞാല്‍ വലിയ സമ്മര്‍ദവും ഒഴിയും.
ഇനി കുറച്ച് ഡോട്ട് ബോളുകള്‍ കളിച്ചാലും വലിയ പ്രശ്‌നം നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരില്ല. കാരണം പുതിയ നിയമങ്ങളെക്കുറിച്ച് നമുക്ക് അറിയാം. രണ്ട് ന്യൂ ബോളുകളും സര്‍ക്കിളിനകത്ത് അഞ്ച് ഫീല്‍ഡര്‍മാരുമുള്ളപ്പോള്‍ ഏപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഇന്നിങ്‌സ് വേഗത്തിലാക്കാം കഴിയും. ടീം സമ്മര്‍ദത്തിലാവുമ്പോള്‍ ലോ-റിസ്ക് ക്രിക്കറ്റ് കളിച്ച് മികച്ച അടിത്തറയൊരുക്കുകയാണ് വേണ്ടത്.
അതായിരുന്നു കോലി ഓസീസിനെതിരെ ചെയ്‌തത്. കോലി 70 റണ്‍സ് നേടിയപ്പോള്‍ അതില്‍ വെറും അഞ്ച് ബൗണ്ടറികള്‍ മാത്രമാണുണ്ടായിരുന്നത്. അത് സ്‌പിന്നിനെതിരെ കളിക്കാനുള്ള കഴിവും അതിലും പ്രധാനമായി, സ്‌പിന്നിനെതിരെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനുള്ള കഴിവുമാണ് കാണിക്കുന്നത്. ഇക്കാരണത്താലാണ് കോലിയ്‌ക്ക് സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നത്.
കോലിയുടെ ഈ പ്രകടനത്തില്‍ നിന്നും ഫിറ്റ്നസിന്‍റെ പ്രാധാന്യം, വിക്കറ്റിന് ഇടയിലുള്ള ഓട്ടത്തിന്‍റെ പ്രാധാന്യം, മിഡില്‍ ഓവറുകളില്‍ എങ്ങിനെ സ്‌ട്രൈക്ക് റോട്ടേറ്റ് ചെയ്യണം എന്നിങ്ങനെ പല കാര്യങ്ങളും യുവ ക്രിക്കറ്റര്‍മാര്‍ക്ക് പഠിക്കാനുണ്ട്. കാരണം ടി20 ക്രിക്കറ്റിന്‍റെ വരവോടെ യുവതാരങ്ങളില്‍ മിക്കവരും എപ്പോഴും പന്ത് ഗ്രൗണ്ടിന് പുറത്തെത്തിക്കാനാണ് ആഗ്രഹിക്കുന്നത്"- ഗൗതം ഗംഭീര്‍ (Gautam Gambhir) പറഞ്ഞു.