ഹൈദരാബാദ് : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തങ്ങളുടെ മൂന്നാം മത്സരത്തിലൂടെയാകും നായകന്‍ കെയ്‌ന്‍ വില്യംസണ്‍ (Kane Williamson) ടീമിലേക്ക് തിരിച്ചെത്തുകയെന്ന് ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് (Gary Stead About Kane Williamson's Return To CWC 2023). ആദ്യ രണ്ട് സന്നാഹ മത്സരങ്ങളിലും കിവീസിനായി കളിച്ച വില്യംസണിന് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം നഷ്‌ടമായിരുന്നു. ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു താരം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നിന്നും വിട്ടുനിന്നത്.
അതേസമയം, നാളെ (ഒക്‌ടോബര്‍ 9) ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടാന്‍ കിവീസ് ഒരുങ്ങുന്നതിനിടെയാണ് നായകന്‍റെ മടങ്ങി വരവിനെ കുറിച്ചുള്ള വിവരം കിവീസ് പരിശീലകന്‍ പുറത്തുവിട്ടത്. വില്യംസണിനൊപ്പം വെറ്ററന്‍ പേസര്‍ ടിം സൗത്തിയും ലോക്കി ഫെര്‍ഗൂസനും പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരം കളിച്ചിരുന്നില്ല. ഇവരുടെ പരിക്കിനെ കുറിച്ചുള്ള വിവരങ്ങളും ഗാരി സ്റ്റെഡ് സംസാരിച്ചിരുന്നു.
കെയ്‌ന്‍ വില്യംസണിന്‍റെ ഫിറ്റ്‌നസും ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ട്. വില്യംസണിന്‍റെ ഫീല്‍ഡിങ്ങിനെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ആശങ്കയുള്ളത്. ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ കളിക്കാന്‍ വില്യംസണ്‍ റെഡിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന്, മറ്റൊരു പരിശീലന സെഷന് വേണ്ടി താരങ്ങള്‍ ഇറങ്ങുന്നുണ്ട്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ആരെല്ലാം വേണമെന്നതിനെക്കുറിച്ചുള്ള തീരുമാനം ആ സെഷനോടെ ഉണ്ടാകും. എന്നാല്‍, കെയ്‌ന്‍ വില്യംസണ്‍ മൂന്നാമത്തെ മത്സരത്തിലൂടെ ആയിരിക്കും ടീമിലേക്ക് തിരിച്ചെത്തുക.
കഴിഞ്ഞ ദിവസം നടന്ന പരിശീലന സെഷനില്‍ നല്ല രീതിയില്‍ തന്നെ പന്തെറിയാന്‍ ലോക്കി ഫെര്‍ഗൂസന് സാധിച്ചിരുന്നു. ഇതേ പ്രകടനം ലോക്കി തുടരുകയാണെങ്കില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അവനും പ്ലെയിങ് ഇലവനിലുണ്ടാകും. കൈ വിരലിന് പരിക്കേറ്റ സൗത്തിയും നല്ലതുപോലെ തന്നെ നെറ്റ്‌സില്‍ പന്തറിഞ്ഞിരുന്നു.
ഒരു എക്‌സ്‌റേയ്ക്ക് കൂടി അദ്ദേഹം വിധേയനാകുന്നുണ്ട്. അതിന് ശേഷമായിരിക്കും സൗത്തിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. ലേകകപ്പില്‍ അദ്ദേഹത്തിന്‍റെ സേവനം ഉടന്‍ ലഭ്യമാകുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്'- ഗാരി സ്റ്റെഡ് പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് നാളെ നെതര്‍ലന്‍ഡ്‌സിനെ നേരിടാനിറങ്ങുന്നത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നാളെ ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് മത്സരം. കെയ്‌ന്‍ വില്യംസണ്‍, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവരുടെ അഭാവത്തില്‍ ലോകകപ്പില ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇറങ്ങിയ കിവീസ് 9 വിക്കറ്റിന്‍റെ വമ്പന്‍ ജയമായിരുന്നു മത്സരത്തില്‍ സ്വന്തമാക്കിയത്. അഹമ്മദാബാദില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം ഡെവോണ്‍ കോണ്‍വെയുടെയും രചിന്‍ രവീന്ദ്രയുടെയും സെഞ്ച്വറിയുടെ കരുത്തില്‍ 82 പന്ത് ശേഷിക്കെയായിരുന്നു കിവീസ് മറികടന്നത്.