സിഡ്‌നി: സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി ന്യൂസിലന്‍ഡ് മുന്‍ പേസര്‍ ഹീത്ത് ഡേവിസ്. ഒരു ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഹീത്ത് ഡേവിസ് തന്‍റെ സ്വത്വം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്രയും കാലം ഒളിച്ചുവച്ച ഇക്കാര്യം ഇനിയും മറച്ച് വെക്കാനാവില്ലെന്നും 50കാരനായ ഹീത്ത് പറഞ്ഞു.
"ജീവിതത്തില്‍ ഞാന്‍ ഒളിച്ചുവച്ചിരുന്ന ഒരു ഭാഗമാണിത്. എന്‍റേത് സ്വവര്‍ഗാനുരാഗിയുടെ ജീവിതമായിരുന്നില്ല. അത് ഉള്ളിലൊതുക്കി എനിക്ക് വയ്യാതായിരിക്കുന്നു", ഹീത്ത് ഡേവിസ് പറഞ്ഞു.
തന്‍റെ ജന്മനാടായ വെല്ലിങ്‌ടണില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിന്‍റെ ഭാഗമായി 1997ൽ താരം ഓക്‌ലൻഡിലേക്ക് മാറിയിരുന്നു. ഇവിടെ എത്തിയപ്പോള്‍ തന്‍റെ ജീവിതം മെച്ചപ്പെട്ടതായും ഓക്‌ലന്‍ഡ് ക്രിക്കറ്റിലെ എല്ലാവര്‍ക്കും താന്‍ സ്വവര്‍ഗാനുരാഗിയാണ് എന്ന് അറിയാമായിരുന്നു എന്നും ഹീത്ത് ഡേവിസ് പറഞ്ഞു.
നിലവില്‍ ഓസ്‌ട്രേലിയയിലാണ് ഹീത്ത് താമസിക്കുന്നത്. കിവീസിനായി 1994 മുതല്‍ 1997 വരെയാണ് ഹീത്ത് കളിച്ചത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും 11 ഏകദിനങ്ങളിലുമാണ് താരം രാജ്യത്തെ പ്രതിനിധീകരിച്ചത്.
സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തുന്ന ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിലെ ആദ്യ പുരുഷ താരമാണ് ഹീത്ത്. അതേസമയം ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ സ്റ്റീവന്‍ ഡേവിസാണ് താന്‍ സ്വവര്‍ഗാനുരാഗിയാണ് എന്ന് വെളിപ്പെടുത്തിയ ആദ്യ പുരുഷ ക്രിക്കറ്റര്‍. 2011ലാണ് ഡേവിസ് തന്‍റെ സ്വത്വം വെളിപ്പെടുത്തിയത്.