ദുബായ്: അന്താരാഷ്‌ട്ര ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ മുഷ്‌ഫിഖുര്‍ റഹീം. ഏഷ്യ കപ്പ് ക്രിക്കറ്റിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് മുഷ്‌ഫിഖുര്‍ ട്വീറ്റ് ചെയ്‌തു.
അവസരം ലഭിക്കുകയാണെങ്കില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കും. ടെസ്റ്റിലും ഏകദിനത്തിലും ദേശീയ ടീമിനെ അഭിമാനത്തോടെ പ്രതിനിധീകരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും താരം ട്വീറ്റില്‍ വ്യക്തമാക്കി. ബംഗ്ലാദേശിനായി 102 ടി20 മത്സരങ്ങള്‍ കളിച്ച 35കാരനായ മുഷ്‌ഫിഖുര്‍ 115.03 സ്ട്രൈക്ക് റേറ്റില്‍ 1,5000 റണ്‍സാണ് നേടിയത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യാന്തര ടി20യില്‍ കാര്യമായ പ്രകടനം നടത്താന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. 2019 നവംബറിന് ശേഷം രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രമാണ് ഫോര്‍മാറ്റില്‍ മുഷ്‌ഫിഖുര്‍ കണ്ടെത്തിയത്.
ഏഷ്യ കപ്പ് ടൂര്‍ണമെന്‍റില്‍ കളിച്ച രണ്ട് മത്സരങ്ങളിലും മുഷ്‌ഫിഖുര്‍ പരാജയമായിരുന്നു. ആദ്യ മത്സരത്തില്‍ നാല് റണ്‍സും രണ്ടാം മത്സരത്തില്‍ ഒരു റണ്‍സുമാണ് താരത്തിന്‍റെ സമ്പാദ്യം. അതേസമയം തമീം ഇഖ്ബാലിന് ശേഷം ടി20യിൽ നിന്നും വിരമിക്കുന്ന രണ്ടാമത്തെ ബംഗ്ലാ താരമാണ് മുഷ്ഫിഖുർ. കഴിഞ്ഞ ജൂലൈയിലാണ് തമീം ടി20 മതിയാക്കിയത്.