ബെഗുസാരായി (ബിഹാര്‍): ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകന്‍ മഹേന്ദ്ര സിങ് ധോണി ഉൾപ്പെടെ 8 പേർക്കെതിരെ കേസ്. ബെഗുസാരായിയിലെ വള നിര്‍മ്മാണ കമ്പനി ഉടമയായ നീരജ് കുമാർ നിരാലയാണ് കേസ് നല്‍കിയത്. നീരജ് കുമാറിന്‍റെ കമ്പനിയുമായി മറ്റൊരു കമ്പനിക്കുള്ള ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ധോണിയും ഉള്‍പ്പെട്ടത്.
കേസിനെക്കുറിച്ച് നീരജ് കുമാർ നിരാല പറയുന്നതിങ്ങനെ: ന്യൂ ഉപജ് വാർധക് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തന്‍റെ ഏജൻസിയുമായി ഒരു ഉൽപ്പന്നത്തിനായി 30 ലക്ഷത്തിലധികം രൂപയ്ക്ക് കരാർ ഒപ്പിട്ടിരുന്നു. പിന്നീട് സാധനങ്ങള്‍ എത്തിച്ചു നല്‍കിയെങ്കിലും ഉൽപന്നം വിൽക്കുന്ന കാര്യത്തിൽ കമ്പനി തങ്ങളോട് സഹകരിച്ചില്ല. ഇതുമൂലം അമിതമായ അളവിൽ വളം അവശേഷിക്കുകയും ചെയ്‌തു.
തുടര്‍ന്ന് ബാക്കിയുള്ള വളം കമ്പനി പിന്‍വലിക്കുകയും ചെയ്‌തു. ഇതിന് പകരമായി തന്‍റെ ഏജൻസിയുടെ പേരിൽ 30 ലക്ഷം രൂപയുടെ ചെക്കും നൽകിയിരുന്നു. ഈ ചെക്ക് ബാങ്കില്‍ നല്‍കിയെങ്കിലും മടങ്ങുകയായിരുന്നു. ഇതറിയിച്ച് വക്കീല്‍ നോട്ടീസയച്ചെങ്കിലും അവരില്‍ നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ലെന്നും നീരജ് കുമാർ പറഞ്ഞു.
തുടര്‍ന്നാണ് ന്യൂ ഉപജ് വാർധക് ഇന്ത്യ ലിമിറ്റഡ് സിഇഒ രാജേഷ് ആര്യയേയും മറ്റ് ഏഴുപേര്‍ക്കുമെതിരെ പരാതി നല്‍കിയത്. ഈ ഉല്‍പ്പന്നത്തിന്‍റെ ബ്രാന്‍ഡ് അംബാസിഡറായതിനാലാണ് ധോണിയേയും പരാതിയില്‍ ഉള്‍പ്പെടുത്തിയതെന്നും നീരജ് വ്യക്തമാക്കി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രൂപ്മ കുമാരിയുടെ കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ 28 ന് കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്.