ലഖ്‌നൗ: ഏകദിന ലോകകപ്പിന് (Cricket World Cup 2023) ശേഷം ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഹീറോ പരിവേഷമാണ് പേസര്‍ മുഹമ്മദ് ഷമിയ്‌ക്കുള്ളത് (Mohammed Shami). സ്വന്തം മണ്ണില്‍ നടന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചത്. ടീമിന്‍റെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്ന ഷമിയ്‌ക്ക്, ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഏറ്റ പരിക്കാണ് പ്ലേയിങ് ഇലവനിലേക്ക് വഴിയൊരുക്കിയത്.
തുടര്‍ന്ന് അത്ഭുത പ്രകടനവുമായാണ് 33-കാരന്‍ കളം നിറഞ്ഞത്. ഏഴ് മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളുമായി ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഷമി തലപ്പത്തെത്തി. (Mohammed Shami in Cricket World Cup 2023). ഇന്ത്യയ്‌ക്ക് ചുണ്ടകലത്തില്‍ കപ്പ് നഷ്‌ടമായെങ്കിലും ആരാധക ഹൃദയത്തില്‍ ഇടം ലഭിച്ച അപൂര്‍വം ബോളര്‍മാരില്‍ ഒരാളായി ഷമി മാറി.
ഏകദിന ലോകകപ്പിന് ശേഷം ഷമി ചെല്ലുന്നിടത്തെല്ലാം വലിയ ജനക്കൂട്ടത്തെയാണ് കാണാന്‍ കഴിയുന്നത്. ഇപ്പോഴിതാ ഷമി തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച ഒരു വിഡിയോ ഏറെ ശ്രദ്ധേയമാവുകയാണ്. 33-കാരനെ കാണാന്‍ ഉത്തര്‍പ്രദേശിലെ ഫാം ഹൗസിലേക്ക് എത്തുന്ന ആരാധകരുടെ വിഡിയോ ആണിത്. (Fans Gather For Photo With Mohammed Shami)
താരത്തിനൊപ്പം ഫോട്ടോ എടുക്കുന്നതിനായി വരി നില്‍ക്കുന്ന ആരാധകരെ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത് ഗേറ്റിന് മുന്നില്‍ നിന്നും നോക്കുന്ന ഷമിയേയും വിഡിയോയില്‍ കാണാം. ഉത്തര്‍പ്രദേശ് സ്വദേശിയായ ഷമി ബംഗാള്‍ ടീമിനായി കളിച്ചാണ് ദേശീയ ടീമില്‍ തന്‍റെ ഇടം ഉറപ്പിക്കുന്നത്.
ലോകകപ്പില്‍ കണങ്കാലിനേറ്റ നേരിയ പരിക്കോടെയായിരുന്നു ഷമിയുടെ തകര്‍പ്പന്‍ പ്രകടനം. നിലവില്‍ ദക്ഷിണാഫ്രിക്കക്കെതിരായ വൈറ്റ് ബോള്‍ സീരീസില്‍ വിശ്രമം അനുവദിച്ച താരം ടെസ്റ്റ് പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പിലാണ്. ഡിസംബര്‍ 26-നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത് (India vs South Africa).
ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമേ ഷമിയ്‌ക്ക് ദക്ഷിണാഫ്രിക്കയിലേക്ക് പറക്കാന്‍ കഴിയൂ. കളത്തിലിറങ്ങിയാല്‍ ഷമിയുടെ പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സെഞ്ചൂറിയനിലാണ് ബോക്‌സിങ് ഡേ ടെസ്റ്റ് നടക്കുന്നത്. തുടര്‍ന്ന് ജനുവരി 3 മുതല്‍ 7 വരെ കേപ്‌ടൗണിലാണ് രണ്ടാം ടെസ്റ്റ്.
ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ , കെ എൽ രാഹുൽ , രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ് ഷമി (ഫിറ്റ്നസിന് വിധേയമായി), ജസ്പ്രീത് ബുംറ (വിസി), പ്രസിദ്ധ് കൃഷ്‌ണ. (India Test squad for South Africa test)