കൊല്‍ക്കത്ത: ഐപിഎല്ലിന്‍റെ രണ്ടാം ക്വാളിഫയറിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ യോഗ്യത നേടിയ ആവേശത്തിലാണ് ആരാധകര്‍. എലിമിനേറ്ററില്‍ 14 റണ്‍സിന് ലഖ്‌നൗ സൂപ്പര്‍ജയന്‍റ്‌സിനെ തോല്‍പ്പിച്ചാണ് ബാംഗ്ലൂര്‍ ക്വാളിഫയര്‍ യോഗ്യത ഉറപ്പാക്കിയത്. 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സാണ് ബാംഗ്ലൂരിന്‍റെ എതിരാളി.
മത്സരത്തില്‍ ജയിക്കുന്ന ടീമിന് ഫൈനലിലെത്താം. ക്വാളിഫയറില്‍ രാജസ്ഥാനെ കീഴടക്കാന്‍ ബാംഗ്ലൂരിനാവുമെന്നാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്. കാരണം സീസണിലെ പച്ച ജെഴ്‌സിയിലെ വിജയം ഡുപ്ലെസിസിനെയും സംഘത്തെയും തുണയ്‌ക്കുമെന്നാണ് ആരാധകരുടെ കണക്ക് കൂട്ടല്‍.
ഇതുവരെ 11 മത്സരങ്ങളിലാണ് ബാംഗ്ലൂര്‍ പച്ചയണിഞ്ഞ് കളിക്കാനിറങ്ങിയത്. ഇതില്‍ ഇത്തവണത്തേത് ഉൾപ്പടെ മൂന്ന് തവണ മാത്രമാണ് ടീമിന് ജയിക്കാനായത്. നേരത്തെ രണ്ട് തവണ പച്ച ജെഴ്‌സിയില്‍ ജയിച്ചപ്പോഴും ടീമിന് ഫൈനലിലെത്താനായി എന്നതാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരായ മത്സരത്തിലാണ് ബാംഗ്ലൂര്‍ ആദ്യമായി പച്ച ജെഴ്‌സിയില്‍ കളത്തിലിറങ്ങിയത്. അന്ന് ടസ്‌കേഴ്‌സിനെ 9 വിക്കറ്റിന് തകർത്ത ബാംഗ്ലൂര്‍ ഫൈനലിലെത്തി. തുടര്‍ന്ന് 2016ലായിരുന്നു രണ്ടാമത്തെ ജയം വന്നത്. ഗുജറാത്ത് ലയൺസിനെതിരായ മത്സരത്തില്‍ 144 റൺസിനായിരുന്നു ബാംഗ്ലൂരിന്‍റെ ജയം.
അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്കും തുടര്‍ന്ന് ഫൈനലിലേക്കുമെത്താന്‍ സംഘത്തിനായി. ഇക്കുറി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 67 റണ്‍സിന്‍റെ തകർപ്പൻ ജയമാണ് ബാംഗ്ലൂർ നേടിയത്. ഇതോടെ സീസണിലും ബാംഗ്ലൂര്‍ ഫൈനലിലുണ്ടാവുമെന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍ ഫൈനലിലെ തോല്‍വിയെന്ന ചരിത്രം മാത്രമാണ് അവരുടെ നെറ്റി ചുളിക്കുന്നത്.