ഹൈദരാബാദ്: നിലവിലെ ഇന്ത്യന്‍ ടീമിനുള്ളത് മികച്ച പേസ് ബൗളിങ് കോമ്പിനേഷനാണെന്ന് മുൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. താരങ്ങളെ മുൻഗാമികളുമായി താരതമ്യം ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടിവി ഭാരതിന് അനുവദിച്ച വെർച്വൽ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ത്യയുടെ ഇപ്പോഴുള്ള ബൗളിങ് നിരയെ ഏതെങ്കിലും മുൻഗാമികളുമായി താരതമ്യം ചെയ്യുന്നത് അനീതിയാണ്. കാരണം നിലവിലെ ബൗളിങ് യൂണിറ്റ് കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് പേസര്‍മാരിലാണ്. ഒരു ഇടം കയ്യന്‍ സ്പിന്നര്‍ മാത്രമാണുള്ളത്.
മികച്ച ബൗളിങ് യൂണിറ്റില്‍ വൈവിധ്യങ്ങൾ ഉൾപ്പെടും. അതിൽ ഫാസ്റ്റ് ബൗളർ, സ്പിന്നർ, സ്വിംഗ് ബൗളർ എന്നിവരുൾപ്പെടും. ഇതില്‍ തന്നെ ഇടതു കൈ സ്പിന്നർ, ലെഗ് സ്പിന്നർ, ഓഫ് സ്പിന്നർ എന്നിങ്ങനെയുമുണ്ട്. ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന ഒരു ബൗളിങ് യൂണിറ്റിനെ നേരിടുകയെന്നത് ഒരു ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരിക്കും.
ഇന്ത്യയുടേയത് ഒരു മികച്ച പേസ് ബൗളിങ് കോമ്പിനേഷനാണോയെന്ന് ചോദിച്ചാല്‍ തീർച്ചയായും അതെ എന്ന് പറയേണ്ടി വരും. ടീമിലെ നാല് പേരും മികച്ച പേസ് കോമ്പിനേഷന്‍ തന്നെയാണ്. എന്നാല്‍ മികച്ച ബൗളിങ് കോമ്പിനേഷനിൽ നേരത്തെ പറഞ്ഞതുപോലെ വൈവിധ്യമുണ്ടാകും" മുന്‍ ലെഗ് സ്പിന്നര്‍ കൂടിയായ ശിവരാമകൃഷ്ണൻ പറഞ്ഞു.
മുഹമ്മദ് സിറാജിന് അഭിനന്ദനം
ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം പിടിച്ച ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഊര്‍ജ്ജസ്വലതയോടെയാണ് ഇന്ത്യന്‍ ബോളര്‍മാര്‍ പന്തെറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്സില്‍ ജസ്പ്രീത് ബുംറ നയിച്ച പേസ് നിര തിളങ്ങിയെന്നും മുഹമ്മദ് സിറാജിന്റെ ആക്രമണവും നിയന്ത്രണവും എടുത്ത് പറയേണ്ടതാണെന്നും ശിവരാമകൃഷ്ണൻ പറഞ്ഞു.
''ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ അവന്‍റെ അച്ഛന്‍ മരണപ്പെട്ടപ്പോഴും അവന്‍ അവിടെ തന്നെ നിന്നു. അവന്‍ ഹൈദരാബാദിലേക്ക് മടങ്ങി വന്നില്ല. രാജ്യത്തിന് വേണ്ടി കളിക്കാനുള്ള ആഗ്രഹമായിരുന്നു അവനിലുണ്ടായിരുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ടെസ്റ്റ് ക്രിക്കറ്റിന് അവന്‍ വളരെയധികം ബഹുമാനം നൽകിയിട്ടുണ്ട്, റെഡ് ബോൾ ടീമിന്‍റെ ഭാഗമാകാന്‍ അവന്‍ നന്നായി പ്രവര്‍ത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്''. കൂട്ടിച്ചേര്‍ത്തു.