മുംബൈ: ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവുമധികം പണം വാരിയ താരമായിരുന്നു മുംബൈ ഇന്ത്യൻസിന്‍റെ യുവതാരം ഇഷാൻ കിഷൻ. മെഗാലേലത്തിൽ 15.25 കോടി രൂപക്കാണ് കിഷനെ മുംബൈ സ്വന്തമാക്കിയത്. എന്നാൽ ലഭിച്ച പണത്തിന്‍റെ പത്തിലൊന്ന് പ്രകടനം പോലും കാഴ്‌ചവയ്‌ക്കാൻ താരത്തിനായില്ല എന്നതാണ് വസ്തുത. ഇപ്പോൾ തന്‍റെ മോശം പ്രകടനത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
പല ലോകോത്തര താരങ്ങളും ബാറ്റിങ്ങിൽ താളം കണ്ടെത്താൻ പ്രയാസപ്പെടുന്നത് കണ്ടിട്ടുണ്ടെന്നായിരുന്നു സണ്‍റൈസേഴ്‌സുമായുള്ള മത്സരത്തിന് പിന്നാലെ കിഷൻ പ്രതികരിച്ചത്. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 30.83 ശരാശരിയിൽ മൂന്ന് അർധസെഞ്ച്വറികൾ ഉൾപ്പെടെ 370 റണ്‍സ് മാത്രമേ ഇഷാൻ കിഷന് ഇതുവരെ സ്വന്തമാക്കാൻ സാധിച്ചുള്ളു.
'ഏറ്റവും വലിയ കളിക്കാർ പോലും ഒരു ഘട്ടത്തിൽ പ്രയാസപ്പെടാറുണ്ട്. ബിഗ് ഹിറ്ററായ ക്രിസ് ഗെയിൽ പോലും നിലയുറപ്പിക്കാൻ സമയം എടുക്കുന്നത് നാം കണ്ടിട്ടുണ്ട്. എല്ലാ ദിനവും പുതിയതാണ്, എല്ലാ മത്സരങ്ങളും പുതിയതാണ്. ചില ദിവസം നിങ്ങൾക്ക് മികച്ച തുടക്കം ലഭിക്കും, ചിലപ്പോൾ എതിർ ടീം ബോളർമാർ മികച്ച പ്രകടനം നടത്തും, 'കിഷൻ പറഞ്ഞു.
കളിയുടെ സാഹചര്യം മനസിലാക്കാതെ തുടക്കത്തിലേ കൂറ്റൻ ഷോട്ടുകൾ പായിക്കുന്നതല്ല തന്‍റെ ശൈലിയെന്നും കിഷൻ പറഞ്ഞു. ഡ്രസിങ് റൂമിനുള്ളിലെ ആസൂത്രണം പുറത്തുള്ള ആളുകൾ ആഗ്രഹിക്കുന്നതിൽ നിന്ന് വ്യത്യസ്‌തമായിരിക്കാം. ക്രിക്കറ്റിൽ എപ്പോഴും നിങ്ങൾക്ക് ഒരു റോൾ മാത്രമേ ഉള്ളു എന്ന് ഉറപ്പിക്കാൻ സാധിക്കില്ല. ടീമിൽ നിങ്ങളുടെ റോൾ എന്താണെന്ന് മനസിലാക്കി ബാറ്റ് വീശേണ്ടത് പ്രധാനമാണ്, കിഷൻ പറഞ്ഞു.
ALSO READ: ഇഷാൻ കിഷനായി വലിയ തുക മുടക്കിയതിന് മുംബൈയെ വിമർശിച്ച് ഷെയ്ൻ വാട്‌സൺ
എതിർ ടീമിലെ ബോളർമാർ മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിൽ നിങ്ങൾ അവരെ ബഹുമാനിക്കണം. എന്നാൽ തുടക്കത്തിലേ വിക്കറ്റുകൾ വലിച്ചെറിയാതിരുന്നാൽ അത് പിന്നാലെ വരുന്ന ബാറ്റർമാർക്ക് ഗുണകരമാകും. എല്ലാ ദിവസവും ഒരേ സാഹചര്യമായിരിക്കില്ല. ചിലപ്പോൾ വലിയ ടോട്ടലുകൾ പിന്തുടരുമ്പോൾ തകർത്തടിക്കേണ്ടതായി വരും. ചിലപ്പോൾ എതിർ ടീമിന്‍റെ ശക്‌തി മനസിലാക്കി കളിക്കേണ്ടി വരും, കിഷൻ കൂട്ടിച്ചേർത്തു.