മുംബൈ: ഇംഗ്ലണ്ടിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും തുടര്‍ന്നുള്ള ടെസ്റ്റ് പരമ്പരയ്ക്കും തയ്യാറെടുക്കുന്ന ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്തിന് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണെന്നും എല്ലാ പന്തും അടിച്ചകറ്റാന്‍ ശ്രമിക്കരുതെന്നുമാണ് പന്തിനോട് കപില്‍ പറയുന്നത്.
'തുടക്ക കാലത്തേക്കാള്‍ വളരെയധികം പക്വതയുള്ള ഒരു താരമായാണ് പന്തിനെ ഇപ്പോള്‍ കാണാനാവുന്നത്. അവന്‍റെ ഷോട്ടുകള്‍ കളിക്കാന്‍ കൂടുതല്‍ സമയമുണ്ടെന്ന് തോന്നുന്നു. അതുപോലെ പന്തിന്‍റെ കയ്യിലുള്ള ഷോട്ടുകളുടെ ശ്രേണി ഗംഭീരമാണ്. പക്ഷെ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാണ്.
also read: ഐപിഎല്‍ സെപ്റ്റംബറില്‍ ആരംഭിക്കും; ഫെെനല്‍ ഓക്ടോബര്‍ ആദ്യ വാരം?
തീര്‍ച്ചയായും അവന്‍ മധ്യനിരയില്‍ കൂടുതല്‍ സമയം പിടിച്ച് നില്‍ക്കണം. എല്ലാ പന്തുകളും അടിച്ചകറ്റാന്‍ ശ്രമിക്കരുത്. ഇക്കാര്യങ്ങള്‍ തന്നെയാണ് രോഹിത് ശര്‍മ്മയെ കുറിച്ചും നമ്മള്‍ പറയാറുള്ളത്. രോഹിത്തിന്‍റെ കയ്യിലും നിരവധി ഷോട്ടുകളുണ്ട്. എന്നാല്‍ ക്രീസ് വിട്ടിറങ്ങി പല തവണ അവന്‍ പുറത്തായിരുന്നു' കപില്‍ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോലിയും ക്ഷമയോടെയാണ് കളിക്കേണ്ടതെന്നും കൂടുതല്‍ ആക്രമിച്ച് കളിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചിടിയാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മികച്ച പേസും സ്വിങ്ങും ലഭിക്കുന്ന ഇംഗ്ലണ്ടിലെ പിച്ചില്‍ ക്ഷമയോടെയാണ് കളിക്കേണ്ടതെന്നും എന്നാല്‍ മാത്രമേ വിജയം നേടാനാവൂവെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.