അന്‍റിഗ്വ : ഏകദിന ലോകകപ്പ് (Cricket World Cup 2023) ദുരന്തത്തില്‍ ആശ്വാസം തേടി വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇറങ്ങിയ ഇംഗ്ലണ്ടിന് വീണ്ടും തോല്‍വി. ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ നാല് വിക്കറ്റുകള്‍ക്കാണ് ഇംഗ്ലണ്ടിനെ വിന്‍ഡീസ് വീഴ്‌ത്തിയത് (England vs West Indies 1st ODI highlights). മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 326 റണ്‍സിന്‍റെ വിജയ ലക്ഷ്യം ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 48.5 ഓവറിലാണ് ആതിഥേയര്‍ നേടിയെടുത്തത്. സ്‌കോര്‍: ഇംഗ്ലണ്ട് 325/10 (50), വെസ്റ്റ് ഇന്‍ഡീസ് - 326 /6 (48.5)
ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്‍റെ (Shai Hope) അപരാജിത സെഞ്ചുറിയാണ് വിന്‍ഡീസിന് കരുത്തായത്. 83 പന്തുകളില്‍ നാല് ഫോറുകളും ഏഴ് സിക്‌സുകളും സഹിതം 109* റണ്‍സായിരുന്നു ഷായ് ഹോപ് നേടിയത്. ഇംഗ്ലണ്ടുയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാരായ അലിക് അതെനാസയും ബ്രാണ്ടന്‍ കിങ്ങും ചേര്‍ന്ന് നല്‍കിയത്.
ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 104 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. എന്നാല്‍ അലിക് അതെനാസയേയും (65 പന്തില്‍ 66), ബ്രാണ്ടന്‍ കിങ്ങിനേയും (44 പന്തില്‍ 35) തൊട്ടടുത്ത ഓവറുകളില്‍ വിന്‍ഡീസിന് നഷ്‌ടമായി. കീസി കാർട്ടിയും (39 പന്തില്‍ 16) നിലയുറപ്പിക്കാതെ മടങ്ങിയതോടെ മൂന്നിന് 144 എന്ന നിലയിലേക്ക് ആതിഥേയര്‍ പ്രതിരോധത്തിലായി.
എന്നാല്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറിനൊപ്പം ചേര്‍ന്ന ഷായ് ഹോപ് വിന്‍ഡീസിനെ മുന്നോട്ട് നയിച്ചു. ടീം ടോട്ടല്‍ 200-ല്‍ നില്‍ക്കെ ഹെറ്റ്‌മെയര്‍ (30 പന്തില്‍ 32) വീണതോടെയാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. പിന്നീടെത്തിയ ഷെർഫാൻ റഥർഫോർഡ് (6 പന്തില്‍ 3) വന്നപാടെ മടങ്ങി. എന്നാല്‍ തുടര്‍ന്നെത്തിയ റൊമാരിയോ ഷെപ്പേര്‍ഡ് വെടിക്കെട്ടുമായി കളം നിറഞ്ഞു.
28 പന്തില്‍ 49 റണ്‍സ് നേടിയ ഷെപ്പേര്‍ഡ് ലക്ഷ്യത്തിന് ഏറെ അടുത്തുവച്ച് തിരിച്ച് കയറിയെങ്കിലും അല്‍സാരി ജോസഫിനെ (2 പന്തില്‍ 2*) കൂട്ടുപിടിച്ച് ഷായ് ഹോപ് വിന്‍ഡീസിന്‍റെ വിജയം ഉറപ്പിച്ചു. ഇംഗ്ലണ്ടിനായി റെഹാന്‍ അഹമ്മദും ഗുസ് അറ്റ്കിന്‍സണും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ സാം കറന്‍ തീര്‍ത്തും നിറം മങ്ങി. 9.5 ഓവറില്‍ 98 റണ്‍സ് വഴങ്ങിയ കറന് ഒരൊറ്റ വിക്കറ്റും ലഭിച്ചില്ല. ഏകദിനത്തില്‍ ഒരു ഇംഗ്ലീഷ് ബോളറുടെ ഏറ്റവും മോശം പ്രകടനമാണിത്.
നേരത്തെ ആദ്യം ബാറ്റുചെയ്യാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോററായത് 72 പന്തില്‍ 71 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ്. സാക്ക് ക്രോളി (63 പന്തില്‍ 48), ഫില്‍ സാള്‍ട്ട് (28 പന്തില്‍ 46), സാം കറന്‍ (26 പന്തില്‍ 38), ബ്രൈഡൺ കാർസ് (21 പന്തില്‍ 31*) എന്നിവരും തിളങ്ങി. വില്‍ ജാക്‌സ് (24 പന്തില്‍ 26), ബെന്‍ ഡെക്കറ്റ് (23 പന്തില്‍ 20), ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (13 പന്തില്‍ 3), ലിയാം ലിവിങ്സ്റ്റണ്‍ (19 പന്തില്‍ 17), റെഹാന്‍ അഹമ്മദ് (8 പന്തില്‍ 12) ഗുസ് അറ്റ്കിന്‍സണ്‍ (8 പന്തില്‍ 12) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
ALSO READ: സഞ്‌ജു ഫയറായി; വിജയ് ഹസാരെയില്‍ പുതുച്ചേരിക്കെതിരെ തകര്‍പ്പന്‍ വിജയുമായി കേരളം
വിന്‍ഡീസിനായി റൊമാരിയോ ഷെപ്പേർഡ്, ഗുഡകേഷ് മോട്ടി, ഒഷാനെ തോമസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ഇന്ത്യന്‍ മണ്ണില്‍ നടന്ന ഏകദിന ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായെത്തിയെങ്കിലും പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇംഗ്ലണ്ടിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്.