അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോര്‍ (England Vs New Zealand Match). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 282 റണ്‍സാണ് നേടിയത്. വണ്‍ ഡൗണായെത്തിയ സ്‌റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിന്‍റെ 86 പന്തില്‍ 77 റണ്‍സാണ് ഇംഗ്ലണ്ടിന് കരുത്തായത്.
ശ്രദ്ധയോടെ തുടങ്ങി ഇംഗ്ലണ്ട് : നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും റണ്ണർ അപ്പായ ന്യൂസിലാൻഡും തമ്മില്‍ നടന്ന മത്സരത്തില്‍, ടോസ് നേടിയ ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഇതോടെ ഇംഗ്ലീഷ് പടയ്‌ക്കായി ജോമി ബെയര്‍സ്‌റ്റോയും ഡേവിഡ് മലാനും ക്രീസിലെത്തി. കരുതലോടെ തന്നെയായിരുന്നു ഇരുവരും ബാറ്റ് വീശിയത്. ഇതോടെ സ്‌കോര്‍ബോര്‍ഡും ചലിച്ചുതുടങ്ങി.
എന്നാല്‍ എട്ടാമത്തെ ഓവറിലെ നാലാം പന്തില്‍ മലാനെ മടക്കി സാന്‍റ്‌നര്‍ ന്യൂസിലാന്‍ഡിന് ആശ്വാസം നല്‍കി. 24 പന്തില്‍ 14 റണ്‍സുമായി നില്‍ക്കെ മിലന്‍ ഡാരില്‍ മിച്ചലിന്‍റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. അഞ്ച് ഓവര്‍ പിന്നിടവെ ബെയര്‍സ്‌റ്റോയെ മടക്കി മാറ്റ് ഹെന്‌റിയും കരുത്തുകാട്ടി. 35 പന്തില്‍ 33 റണ്‍സുമായി നില്‍ക്കെയായിരുന്നു ബെയര്‍സ്‌റ്റോയുടെ തിരിച്ചുകയറ്റം.
റൂട്ടിന്‍റെ ട്രീറ്റ് : ഈ സമയം ക്രീസിലെത്തിയിരുന്ന ജോ റൂട്ട് ഇംഗ്ലണ്ട് ബാറ്റിങ്ങിന്‍റെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു. വിക്കറ്റുകള്‍ വേഗത്തില്‍ വീണ് സമ്മര്‍ദത്തിലാവാതിരിക്കാന്‍ റൂട്ട് കരുതലോടെയായിരുന്നു ബാറ്റ് വീശിയത്. ഇത് സ്‌കോര്‍ ബോര്‍ഡിലും പ്രകടമായിരുന്നു. എന്നാല്‍ ഇതിനിടെ എത്തിയ ഹാരി ബ്രൂക്ക് (25), മൊയീന്‍ അലി (11) എന്നിവരും നിലയുറപ്പിക്കും മുമ്പേ മടങ്ങിയിരുന്നു.
പിന്നാലെയെത്തിയ നായകന്‍ ജോസ് ബട്‌ലര്‍ റൂട്ടിന് മികച്ച പിന്തുണ നല്‍കി. ഇതോടെ ടീം സ്‌കോര്‍ 150 പിന്നിടുകയും ചെയ്‌തു. എന്നാല്‍ സ്‌കോര്‍ 188 ല്‍ നില്‍ക്കെ 34ാം ഓവറിലെ രണ്ടാം പന്തില്‍ ബട്‌ലറെ മടക്കി മാറ്റ് ഹെന്റി ന്യൂസിലാന്‍ഡിന്‍റെ അപകടമൊഴിവാക്കി. 42 പന്തില്‍ 43 റണ്‍സുമായി നില്‍ക്കെ ടോം ലാഥത്തിന്‍റെ കൈകളിലൊതുങ്ങിയായിരുന്നു ഇംഗ്ലണ്ട് നായകന്‍റെ മടക്കം.
വേഗത്തില്‍ മടങ്ങി വാലറ്റം : പിറകെയെത്തിയ ലിയാം ലിവിങ്‌സറ്റണിന്‍റെ ബാറ്റിനും (20) ഇംഗ്ലണ്ടിനായി കൂടുതലൊന്നും ചെയ്യാനായില്ല. പിന്നാലെ റൂട്ടും മടങ്ങിയതോടെ ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് അവസാനിച്ചുവെന്ന പ്രതീതിയും ഉയര്‍ന്നു. ഇത് ശരിയായിരുന്നുവെന്ന് തെളിയിക്കുന്നത് പോലെ സാം കറന്‍ (14), ക്രിസ് വോക്‌സ് (11) എന്നിവര്‍ വന്നപാടെ മടങ്ങി. വാലറ്റത്ത് പൊരുതിയ ആദില്‍ റഷീദ് (15), മാര്‍ക്ക് വുഡ് (13) എന്നിവര്‍ക്കും കൂടുതലായൊന്നും ടീം സ്‌കോറില്‍ എഴുതിച്ചേര്‍ക്കാനില്ലായിരുന്നു. ഇതോടെ ഇംഗ്ലീഷ് പട 282 റണ്‍സില്‍ കളി അവസാനിപ്പിക്കുകയായിരുന്നു. അതേസമയം ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്‌റി മൂന്നും മിച്ചല്‍ സാന്‍റ്‌നര്‍, ജെയിംസ് നീഷം എന്നിവര്‍ രണ്ട് വീതവും രചിന്‍ രവീന്ദ്ര, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.