എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ വമ്പന്‍ ലീഡ് ലക്ഷ്യമാക്കി ഇന്ത്യ. മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ സ്‌റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ്. ഇതോടെ ഇന്ത്യക്കിപ്പോള്‍ ആകെ 257 റണ്‍സിന്‍റെ ലീഡായി. ചേതേശ്വർ പുജാര ( 50*), റിഷഭ് പന്ത് (30* ) എന്നിവരാണ് ക്രീസില്‍.
ആദ്യ ഇന്നിങ്‌സില്‍ 416 റണ്‍സ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ 284 റണ്‍സിന് പുറത്താക്കിയിരുന്നു. ഇതോടെ 132 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യയ്‌ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിന്‍റെ മൂന്നാം പന്തില്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ (4) തിരിച്ച് കയറി. ജെയിംസ് ആൻഡേഴ്‌സണിന്‍റെ പന്തില്‍ സാക്ക് ക്രാളിയാണ് ഗില്ലിനെ പിടികൂടിയത്.
അധികം വൈകാതെ ഹനുമ വിഹാരി (44 പന്തില്‍ 11), വിരാട് കോലി (40 പന്തില്‍ 20) എന്നിവരും തിരിച്ച് കയറി. ഹനുമ വിഹാരിയെ സ്റ്റുവർട്ട് ബ്രോഡും കോലിയെ ബെന്‍ സ്റ്റോക്സുമാണ് മടക്കിയത്. ഈ സമയം 75 റണ്‍സാണ് ടീം ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്നൊന്നിച്ച പുജാരയും പന്തും മികച്ച ലീഡിനായി പൊരുതുകയാണ്.
അതേസമയം ജോണി ബെയര്‍സ്‌റ്റോയുടെ (106) സെഞ്ചുറിയാണ് ഒന്നാം ഇന്നിങ്സില്‍ ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 149-6 എന്ന നിലയില്‍ സമ്മർദത്തിലായിരുന്ന ഇംഗ്ലണ്ടിനെ 200 കടത്തിയത് ബെയര്‍സ്‌റ്റോയാണ്.
ഒല്ലി പോപ്പ് (10), ജോ റൂട്ട് (31), ബെൻ സ്‌റ്റോക്‌സ് (25), സാം ബില്ലിങ്‌സ് (36), മാത്യു പോട്ട്‌സ് (19) എന്നിവരാണ് രണ്ടക്കം തൊട്ടമറ്റ് താരങ്ങള്‍. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്‌ത്തി. ജസ്‌പ്രീത് ബുംറക്ക് മൂന്നും, മുഹമ്മദ് ഷമിക്ക് രണ്ടും, ശാര്‍ദുല്‍ താക്കൂറിന് ഒന്നും വിക്കറ്റുണ്ട്.