ചെന്നൈ: ഇംഗ്ലണ്ടിനെതിരായ തകര്‍പ്പൻ വിജയത്തില്‍ ബാറ്റ്‌സ്‌മാൻമാരെ അഭിനന്ദിച്ച് ക്യാപ്‌റ്റൻ വിരാട് കോലി. എ.എ ചിദംബരം സ്‌റ്റേഡിയത്തിലെത്തി ടീമിന് പിന്തുണ നല്‍കിയ ആരാധകര്‍ക്കും കോലി നന്ദി പറഞ്ഞു. രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ നാല് മത്സരങ്ങളുള്ള ടെസ്‌റ്റ് പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിനൊപ്പമെത്തി (1-1) ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 227 റണ്‍സിന് ജയിച്ചിരുന്നു.
ഈ മത്സരം ഒരു ഉദാഹരണമാണ്. വരും മത്സങ്ങളിലും ഇതേ നിശ്ചദാര്‍ഢ്യവും ചടുതലും ഞങ്ങള്‍ തുടരും. കാണികളുടെ പിന്തുണയും വിജയത്തെ ഏറെ സ്വാധീനിച്ചുവെന്നും മത്സരശേഷം കോലി പ്രതികരിച്ചു. പിച്ചിലെ സ്ഥിതിഗതികൾ ഇരുവിഭാഗത്തിനും വെല്ലുവിളിയായിരുന്നു, പക്ഷേ അതിനെ നേരിടാൻ ഞങ്ങൾ കൂടുതൽ ആത്മവിശ്വാസവും ചടുലതയും കാണിച്ചു. മികച്ച ടേണുള്ള പിച്ചാണെങ്കിലും ഞങ്ങള്‍ക്ക് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനായി. ടേണും ബൗണ്‍സും കണ്ട് പരിഭ്രമിക്കാതിരുന്നത് കൊണ്ടാണ് രണ്ട് ഇന്നിങ്സില്‍ നിന്നുമായി 600ന് അടുത്ത് റണ്‍സ് നേടാൻ നമുക്ക് കഴിഞ്ഞത്. ഏതും സാഹചര്യത്തിലും മികച്ച രീതിയില്‍ പന്തെറിയാൻ കരുത്തുള്ള ബോളര്‍മാര്‍ ഒപ്പമുണ്ടെന്ന ആത്മവിശ്വാസമുണ്ടായിരുന്നുെവന്നും കോലി പറഞ്ഞു. അതേസമയം ചെപ്പോക്കിലെ പിച്ചിനെക്കുറിച്ച് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത്തരമൊരു പിച്ചില്‍ അഞ്ച് ദിവസം ടെസ്‌റ്റ് കളിക്കാൻ ആകില്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
ഈ പിച്ചില്‍ ടോസ് നേടുന്നതിന് പ്രസക്തിയില്ലെന്ന് കോലി അഭിപ്രായപ്പെട്ടിരുന്നു. രണ്ടാം ഇന്നിങ്സില്‍ മികച്ച് സ്‌കോര്‍ നേടാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അത് നേടാനുമായി. അക്സർ പട്ടേൽ, വിക്കറ്റ് കീപ്പർ റിഷഭ് പന്ത് എന്നിവരുടെ പ്രകടനത്തെയും കോലി അഭിനന്ദിച്ചു. ക്യാപ്‌റ്റൻ ജോ റൂട്ടിന്‍റേതടക്കം രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റാണ് അക്‌സര്‍ പട്ടേല്‍ വീഴ്‌ത്തിയത്. ഈ പ്രകടനം വരുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താൻ അക്‌സര്‍ പട്ടേലിന് ആത്മവിശ്വാസം നല്‍കുമെന്നും കോലി അഭിപ്രായപ്പെട്ടു.