അഹമ്മദാബാദ്: ജാക് ലീച്ചിന്റെയും ജോ റൂട്ടിന്റെയും സ്പിൻ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ടീം ഇന്ത്യക്ക് അടിതെറ്റി. മൊട്ടേര ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 33 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ട് ഉയർത്തിയ 112 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് പിന്തുടർന്ന ഇന്ത്യ മൊട്ടേര ടെസ്റ്റിന്റെ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ 145 റൺസിന് ഓൾ ഔട്ടായി. എട്ട് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുമായി നായകൻ ജോ റൂട്ട് കളം നിറഞ്ഞപ്പോൾ നാല് മുൻനിര ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുത ജാക് ലീച്ചാണ് മൊട്ടേരയില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റിന്റെ ഗതിമാറ്റിയത്.
മൂന്ന് വിക്കറ്റിന് 99 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ടീം ഇന്ത്യക്ക് അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഏഴ് റണ്‍സെടുത്ത രഹാനെയെ ലീച്ച് വിക്കറ്റിന് മുന്നില്‍ കുടുക്കി പുറത്താക്കുകയായിരുന്നു. പിന്നാലെ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ ഓപ്പണര്‍ രോഹിത് ശര്‍മയും ലീച്ചിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇതോടെ കരിയറിലെ അറുപതാമത്തെ ടെസ്റ്റ് വിക്കറ്റും ലീച്ച് സ്വന്തം പേരില്‍ കുറിച്ചു. നേരത്തെ മൊട്ടേരയില്‍ ആദ്യ ദിനം ചേതേശ്വര്‍ പൂജാരയും നായകന് വിരാട് കോലിയും ലീച്ചിന്റെ സ്പിന്‍ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു.
റിഷഭ് പന്ത്, അശ്വിൻ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവരെ റൂട്ട് പുറത്താക്കി. 66 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശുഭ്മാൻ ഗില്‍ (11), വിരാട് കോലി (27), ആർ അശ്വിൻ ( 17), ഇശാന്ത് ശർമ (10) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നത്.