മൊട്ടേരയിലെയും ചെപ്പോക്കിലെയും പിച്ചുകള്‍ പച്ചക്കറി കൃഷിക്ക് അനുയോജ്യമെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ കര്‍സന്‍ ഗാവ്‌റി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പിച്ചുകളുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഗാവ്‌റയുടെ പരാമര്‍ശം. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ നടന്ന മൂന്ന് ടെസ്റ്റിലും ഉപയോഗിച്ച പിച്ചുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ ക്രിക്കറ്റ് ലോകത്തെ ചൂടുപിടിപ്പിക്കുമ്പോഴാണ് ഗാവ്‌റി അഭിപ്രായം പങ്കുവെച്ചത്. അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം ചുവടെ.
ഒരു കാലത്ത് ഇന്ത്യന്‍ ടീമിന്‍റെ പേസ് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയത് കപില്‍ദേവും കര്‍സന്‍ ഗാവ്‌റിയും റോജര്‍ ബിന്നിയും ചേര്‍ന്ന സഖ്യമായിരുന്നു. ഇന്ത്യക്കായി ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ പേസ് നിരയെന്ന റെക്കോഡ് ഈ കൂട്ടുകെട്ടിന് സ്വന്തമാണ്. 1979-80 കാലഘട്ടത്തില്‍ പാകിസ്ഥാനെതിരെ ഈ പേസ് ത്രയം 58 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. രാജ്യാന്തര ക്രിക്കറ്റിലെ വര്‍ഷങ്ങളുടെ അനുഭവ പരിചയത്തിന്‍റെ വെളിച്ചത്തില്‍ ഗാവ്‌റി പറയുന്നു. "മൊട്ടേരയിലെ പിച്ചിന്‍റെ സ്വഭാവം മുന്‍കൂട്ടി അറിയാന്‍ ഇംഗ്ലീഷ് ടീമന് സാധിച്ചില്".
ഇംഗ്ലണ്ടിന്‍റെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ മൊട്ടേരയിലെയും ചെപ്പോക്കിലെയും പിച്ചുകള്‍ പക്ഷപാതപരമാണോ?
ഇരു ടീമുകളോടും നീതി പുലര്‍ത്താത്ത പിച്ചാണ് പരമ്പരയില്‍ ഇതേവരെ ഒരുക്കിയത്. ക്രിക്കറ്റൊരു വിനോദോപാധിയാണ്. അഞ്ച് ദിവസത്തെ മത്സരം രണ്ട് ദിവസം കൊണ്ട് അവസാനിക്കുന്നത് കളിയെ നശിപ്പിക്കുന്നതിന് തുല്യമാണ്. എല്ലാത്തിലുമുപരി ആഹ്‌ളാദകരമായ അന്തരീക്ഷമുണ്ടാക്കുകയാണ് ആത്യന്തികമായി വേണ്ടത്. സ്റ്റേഡിയത്തിലും ടെലിവിഷന് മുന്നിലും ഇന്ത്യന്‍ ആരാധകര്‍ എത്തുന്നത് ക്രിക്കറ്റ് ആസ്വദിക്കാനാണ്. എന്നാല്‍ ചെന്നൈയിലോ അഹമ്മദാബാദിലോ കണ്ടത് ഇതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവ പച്ചക്കറി കൃഷിയിടങ്ങള്‍ പോലെയായിരുന്നു. ബാറ്റ്‌സ്‌മാന്‍മാര്‍ പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടിയ പിച്ചുകളില്‍ റണ്‍സ് കണ്ടെത്താനും പ്രയാസപ്പെട്ടു.
ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമായ പിച്ചില്‍ ബൗളേഴ്‌സിനും ബാറ്റ്‌സ്‌മാന്‍മാര്‍ക്കും ആദ്യ രണ്ട് ദിവസം തുല്യപ്രാധാന്യം ലഭിക്കും. ദൈര്‍ഘം വര്‍ദ്ധിക്കും തോറും ഇവിടെ പിച്ചിലെ പുല്ലിന്‍റെ അംശം കുറയാന്‍ തുടങ്ങും. മൂന്നാം ദിവസം മുതല്‍ പന്ത് ടേണ്‍ ചെയ്യാന്‍ തുടങ്ങും.
ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇതേവരെ പിച്ചൊരുക്കിയ രീതിയെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സും നിലവില്‍ കളിക്കുന്നവരും ന്യായീകരിച്ചിരുന്നു. വിദേശ പര്യടനങ്ങള്‍ക്ക് പോകുമ്പോള്‍ പുല്ല് നിറഞ്ഞ പിച്ചില്‍ കളിക്കേണ്ടിവന്നിട്ടുണ്ടെന്ന് അവര്‍ അഭിപ്രായപെട്ടിരുന്നു....
ഓസ്‌ട്രേലിയന്‍ പര്യടനം നടത്തിയപ്പോള്‍ പേസ് ബൗളിങ്ങിന് അനുകൂലമായ പിച്ചിലാണ് ടെസ്റ്റ് നടന്നത്. അന്ന് അഞ്ചാമത്തെ ദിവസം വരെ ടെസ്റ്റ് നീണ്ടു. ഓസിസ് മണ്ണിലെ ടെസ്റ്റ് മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ടെസ്റ്റ് നടക്കുമ്പോള്‍ ബൗണ്‍സുള്ള പുല്ല് നിറഞ്ഞ പിച്ചാണ് ആദ്യദിനം കാണുക. ഫാസ്റ്റ് ബൗളേഴ്‌സിന് ഇവിടങ്ങളില്‍ മുന്‍തൂക്കം ലഭിക്കും. ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ ഈ ആനുകൂല്യം കുറഞ്ഞുവരും. പിച്ചിലെ പുല്ല് എല്ലാ ദിവസവും നീക്കം ചെയ്യും. എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് നടക്കുമ്പോള്‍ ആദ്യ ദിവസം പോലും പിച്ചില്‍ പുല്ലിന്‍റെ അംശം പോലും കാണില്ല. ക്രിക്കറ്റിന്‍റെ വളര്‍ച്ചക്ക് അനുയോജ്യമല്ലാത്ത പിച്ചാണ് നാം ഇവിടെ ഒരുക്കുന്നത്.
ഇവിടെ ബൗള്‍ ചെയ്യുമ്പോള്‍ പിച്ചില്‍ നിന്നും പൊടി മണ്ണുയുരുന്നത് നാം കണ്ടതാണ്...
ഇവിടെ ഒരുക്കിയത് ക്രിക്കറ്റ് പിച്ചല്ല. പച്ചക്കറി കൃഷിക്ക് അനുയോജ്യമായ സ്ഥലമാണിത്.
താങ്കളുടെ കരിയറില്‍ എപ്പോഴെങ്കിലും ഇത്തരമൊരു പിച്ചില്‍ കളിക്കേണ്ടി വന്നിട്ടുണ്ടോ?
ഒരിക്കലുമില്ല
ആദ്യ ടെസ്റ്റ് നഷ്‌ടമായ ശേഷം റാങ്കിങ്ങിന്‍റെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ടോ ?
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ യോഗ്യതയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റും ബിസിസിഐയും ആഗ്രഹിക്കുന്നത്. അവരുടെ ചിന്തകള്‍ അതിനെ ചുറ്റിപറ്റിയാണ്. യോഗ്യത സ്വന്തമാക്കാന്‍ പരമ്പരയില്‍ ഇംഗ്ലണ്ടിനെ 3-1, 2-1നൊ പരാജയപ്പെടുത്തണം. എന്നാലെ ഫൈനലില്‍ ന്യുസിലന്‍ഡിനെതിരെ കളിക്കാന്‍ സാധിക്കു. ഈ ആഗ്രഹത്തിന് പിന്നാലെയാണ് ടീം മാനേജ്‌മെന്‍റും ബിസിസിഐയുമെന്ന് തോന്നുന്നു. വിക്കറ്റിന്‍റെ ആനുകൂല്യത്തേക്കാളേറെ ആദ്യ ഇന്നിങ്സിലെ ഉയര്‍ന്ന സ്‌കോറാണ് ടീം ഇന്ത്യക്ക് അനുകൂലമായത്. മൊട്ടേരയിലെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 250തിന് മുകളില്‍ സ്‌കോര്‍ ചെയ്‌തെങ്കില്‍ നാം പ്രതിസന്ധിയിലായേനെ.
നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാരുടെ മിടുക്ക് അംഗീകരിക്കാനാകുമോ?
ഇത്തരം പിച്ചുകളില്‍ സ്‌കോര്‍ പടുത്തുയര്‍ത്തുക പ്രയാസമാണ്. ഇവിടെ ആക്രമണമാണ് ഏറ്റവും അനുയോജ്യമായ ശൈലി. ഇംഗ്ലണ്ടിനെതിരെ മൊട്ടേരയില്‍ രണ്ടാം ഇന്നിങ്സില്‍ 49 റണ്‍സെന്ന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും അറ്റാക്കിങ് ബാറ്റിങ്ങാണ് പിന്തുടര്‍ന്നത്. സിക്‌സിലൂടെയും ബൗണ്ടറിയിലൂടെയുമാണ് ഇരുവരും സ്‌കോര്‍ ഉയര്‍ത്തിയത്. വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിന് ഇരുവരും ശ്രമിച്ചില്ല. അന്തിമ ഇലവനില്‍ ഒന്നിലധികം സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്താത്തത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ജാക്‌ലീച്ചിനൊപ്പം പന്തെറിഞ്ഞ പാര്‍ട്ട് ടൈം സ്‌പിന്നര്‍ ജോ റൂട്ട് അഞ്ച് വിക്കറ്റ് നേട്ടമാണുണ്ടാക്കിയത്.
എന്തുകൊണ്ട് ഈ പിഴവ് സംഭവിച്ചു?
പിച്ചിന്‍റ സ്വഭാവം മുന്‍കൂട്ടി കാണുന്നതില്‍ ഇംഗ്ലീഷ് ടീം മാനേജ്‌മെന്‍റിനും പരിശീലകനും തെറ്റുപറ്റി. മത്സരം തുടങ്ങുന്നതിന് മുന്നോടിയായി വിക്കറ്റിനെ അറിയാന്‍ പരിശീലകനും ടീം മാനേജ്‌മെന്‍റും ശ്രമിക്കേണ്ടതായിരുന്നു. പിച്ചില്‍ പുല്ലുണ്ടെങ്കില്‍ സീമേഴ്‌സിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ പുല്ലില്ലാത്ത പിച്ചില്‍ കളിക്കുമ്പോള്‍ സ്‌പിന്നേഴ്‌സിനെ കൂടുതലായി ആശ്രയിക്കേണ്ടിവരും. ഇംഗ്ലിഷ് ടീം കാര്യങ്ങള്‍ മനസിലാക്കുന്നതില്‍ പിഴവ് സംഭവിച്ചുവെന്ന് വേണം മനസിലാക്കാന്‍.
തൊണ്ണൂറികളിലെ ഓസ്‌ട്രേലിയന്‍ ടീമിനെ പോലെയാണിപ്പോള്‍ ഇന്ത്യയെന്ന് ഡാരന്‍ ഗൗ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ എന്താണ് പ്രതികരണം?
വിക്കറ്റിന് വലിയ പങ്കാണ് ക്രിക്കറ്റിലുള്ളത്. ഇവിടെ സ്‌പിന്‍ തന്ത്രങ്ങള്‍ ഒരുക്കുന്നതില്‍ അവര്‍ പ്രയാസപ്പെട്ടു. എന്നാല്‍ മത്സരം നടന്നത് ഇംഗ്ലണ്ടിലാണെങ്കില്‍ മറ്റൊരു ചിത്രമാകും ഉണ്ടാവുകയെന്നും മുന്‍ ഇന്ത്യന്‍ പേസര്‍ കര്‍സന്‍ ഗാവ്‌റി പറഞ്ഞു.