ചെന്നൈ: ഇംഗ്ലണ്ടിനെതിരെ പരമ്പര ലക്ഷ്യമിട്ടിറങ്ങുന്ന ടീം ഇന്ത്യക്ക് തിരിച്ചടി. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ നാല് മത്സരങ്ങളുള്ള പരമ്പരയില്‍ കളിക്കില്ല. നേരത്ത ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജഡേജക്ക് വിശ്രമം അനുവദിച്ചത്. പരിക്ക് ഭേദമായി ജഡേജ മൂന്നും നാലും ടെസ്റ്റുകളില്‍ കളിക്കുമെന്നായിരുന്നു ടീം മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ. പരിക്ക് ഭേദമാവാന്‍ സമയമെടുക്കുമെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചതോടെയാണ് ജഡേജ കളിക്കില്ലെന്ന് ഉറപ്പായത്.
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പന്തുകൊണ്ട് കൈയിലെ തള്ളവിരലിനാണ് പരിക്കേറ്റത്. അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരയില്‍ ജഡേജക്ക് കളിക്കാനാവുമോ എന്ന കാര്യം വ്യക്തമല്ല. ജഡേജക്ക് പകരം ടെസ്റ്റില്‍ ടീമില്‍ ഉള്‍പ്പെട്ട അക്‌സര്‍ പട്ടേലിനും പരിക്കേറ്റിരുന്നു. ചെന്നൈ ടെസ്റ്റിന് തൊട്ടുമുമ്പായിരുന്നു അക്‌സറിന്‍റെ പരിക്ക് തിരിച്ചടിയായത്. തുടര്‍ന്ന് ഷഹബാദ് നദീമാണ് ആദ്യ ടെസ്റ്റില്‍ കളിച്ചത്. നദീം കാര്യമായി തിളങ്ങാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. രണ്ടാം ടെസ്റ്റിന് മുമ്പ് അക്സര്‍ പട്ടേല്‍ കായികക്ഷമത വീണ്ടെടുത്തത് ഇന്ത്യക്ക് ആശ്വാസമാണ്.
ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ ജഡേജ ബ്രിസ്ബേനില്‍ നടന്ന പരമ്പരയിലെ അവസാന ടെസ്റ്റിലും കളിച്ചിരുന്നില്ല.