അഹമ്മദാബാദ്: മൊട്ടേര ടെസ്റ്റിനിടെ ആശങ്കയുണ്ടാക്കി ഉമിനീര്‍ വിലക്ക്. ഒന്നാം ഇന്നിങ്സില്‍ ടീം ഇന്ത്യ മറുപടി ബാറ്റിങ് തുടരുന്നതിനിടെയാണ് സംഭവം. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മനപൂര്‍വമല്ലാതെ പന്തില്‍ ഉമിനീര്‍ പുരട്ടുകയായിരുന്നു. തുടര്‍ന്ന് പന്ത് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുനാശനം വരത്തിയ ശേഷമാണ് വീണ്ടും ഉപയോഗിച്ചത്. അമ്പയര്‍മാരുടെ നേതൃത്വത്തിലാണ് അണുനശീകരണം നടന്നത്.
ഇന്ത്യന്‍ ഇന്നിങ്സിലെ 12-ാം ഓവര്‍ പൂര്‍ത്തിയായ ശേഷമായിരുന്നു സംഭവം. കൊവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഐസിസി ഉമിനീര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പന്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ വിയര്‍പ്പ് ഉപയോഗിക്കാമെന്നും ഉമിനീര്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ് ഐസിസി തീരുമാനം. ഐസിസി വിലക്ക് ലംഘിച്ചാല്‍ രണ്ട് തവണ താക്കീത് നല്‍കും. പിന്നീടും ആവര്‍ത്തിച്ചാല്‍ അഞ്ച് റണ്‍സ് പെനാല്‍ട്ടി വിധിക്കും.