നിലവിലെ ഫോം തുടരുകയാണെങ്കിൽ 100 ടെസ്റ്റുകൾ പൂർത്തിയാക്കുമ്പോൾ ഇന്ത്യൻ സ്‌പിന്നർ അശ്വിൻ 500 വിക്കറ്റുകൾ എന്ന നേട്ടം മറികടന്ന് വിക്കറ്റ് നേട്ടത്തിൽ അനിൽ കുംബ്ലെക്ക് പിന്നിൽ രണ്ടാമത് എത്തുമെന്ന് കണക്കുകൾ. ചെപ്പോക്കിലെ രണ്ടാം ടെസ്റ്റ് അശ്വിന്‍റെ 76-ാമത്തെ മത്സരമായിരുന്നു. 394 ടെസ്റ്റ് വിക്കറ്റുകളാണ് അശ്വിന്‍റെ പേരിലുള്ളത്. നിലവിലെ ആവേറേജിൽ കുംബ്ലെ കളിച്ച 132 ടെസ്റ്റ് മത്സരങ്ങൾ അശ്വിനും കളിക്കാനായാൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളറായി അശ്വിൻ മാറും. ഇപ്പോൾ വിക്കറ്റ് നേട്ടത്തിൽ കുംബ്ലെയ്‌ക്കും ഹർഭജനും പിന്നിൽ മൂന്നാമതാണ് അശ്വിൻ.
അശ്വിന്‍റെ ബൗളിങ്ങ് ആവറേജും സ്ട്രൈക്ക്റേറ്റും കുംബ്ലെയെയും (സ്ട്രൈക്ക്റേറ്റ് : 65.9; ആവറേജ്: 29.65) ഹർഭജനെയും (സ്ട്രൈക്ക്റേറ്റ് : 68.5; ആവറേജ്: 32.46) പിന്നിലാക്കുന്നതാണ്. ടെസ്റ്റിൽ 53.5 സ്ട്രൈക്ക്റേറ്റും 25.21 ആവറേജുമാണ് ഈ ഓഫ് സ്‌പിന്നർക്കുള്ളത്. അഞ്ചുവിക്കറ്റ് നേട്ടത്തിൽ കുംബ്ലെക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് അശ്വിൻ. കുംബ്ലെ 35 തവണ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോൾ അശ്വിൻ ഇതുവരെ 29 തവണയാണ് അഞ്ചുവിക്കറ്റുകൾ നേടിയത്.
ഇന്ന് അവസാനിച്ച രണ്ടാം ടെസ്റ്റിൽ അഞ്ചുവിക്കറ്റ് നേട്ടമുൾപ്പടെ ആകെ എട്ട് വിക്കറ്റുകളാണ് അശ്വിൻ നേടിയത്. അശ്വിന്‍റെ പ്രകടനങ്ങളെ പുകഴ്‌ത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റർ ഗൗതം ഗംഭീർ ഇന്ത്യയുടെ ഗ്രേറ്റ് മാച്ച് വിന്നർ എന്നാണ് അശ്വിനെ വിശേഷിപ്പിച്ചത്. വിരാട് കോഹ്‌ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ തുടങ്ങിയ കളിക്കാരുടെ നിഴലിലാണ് അശ്വിന്‍റെ പ്രകടനങ്ങളെന്നും ഗംഭീർ പറഞ്ഞു. മറ്റ് സ്പിന്നൽമാരിൽ നിന്നു വ്യത്യസ്തമായി ന്യൂ ബോളിൽ വിക്കറ്റ് നേടനുള്ള കഴിവിനെയും ഗംഭീർ പ്രശംസിച്ചിരുന്നു.