മാഞ്ചസ്റ്റര്‍: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളുള്ള ഫാസ്റ്റ് ബോളറെന്ന നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്‌സണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് ആൻഡേഴ്‌സണ്‍ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്.
നിലവില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 951 വിക്കറ്റാണ് ആന്‍ഡേഴ്‌സണിന്‍റെ അക്കൗണ്ടിലുള്ളത്. 174 ടെസ്റ്റുകളില്‍ 664 വിക്കറ്റുകളും, 194 ഏകദിനങ്ങളില്‍ 269 വിക്കറ്റുകളും, 19 ടി20കളില്‍ നിന്ന് 18 വിക്കറ്റുമാണ് ആന്‍ഡേഴ്‌സണ്‍ ഇതുവരെ സ്വന്തമാക്കിയത്. ഇതോടെ ഓസ്‌ട്രേലിയയുടെ മുന്‍ പേസര്‍ ഗ്ലെന്‍ മഗ്രാത്തിന്‍റെ റെക്കോഡാണ് പഴങ്കഥയായത്.
949 വിക്കറ്റുകളാണ് മഗ്രാത്ത് തന്‍റെ അന്താരാഷ്‌ട്ര കരിയറില്‍ സ്വന്തമാക്കിയത്. എന്നാല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് അന്‍ഡേഴ്‌സണ്‍. 495 മത്സരങ്ങളില്‍ നിന്ന് 1347 വിക്കറ്റുകള്‍ വീഴ്‌ത്തിയ ശ്രീലങ്കന്‍ സ്‌പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ തലപ്പത്തുള്ളത്.
339 മത്സരങ്ങളില്‍ 1001 വിക്കറ്റ് വീഴ്‌ത്തിയ ഷെയ്‌ന്‍ വോണാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 403 മത്സരങ്ങളില്‍ നിന്ന് 956 വിക്കറ്റ് വീഴ്‌ത്തിയ ഇന്ത്യയുടെ മുന്‍ താരം അനില്‍ കുബ്ലെയാണ് പട്ടികയില്‍ മൂന്നാമത്. ആറ് വിക്കറ്റുകള്‍ കൂടെ വീഴ്‌ത്തിയാല്‍ ആൻഡേഴ്‌സണ് കുംബ്ലെയെ മറികടക്കാം.