ലീഡ്‌സ് : ഹെഡിങ്‌ലേയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തള്ളിക്കളയുന്നില്ലെന്നും, മത്സരത്തിന്‍റെ നാലാം ദിനം പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാനാണ് ശ്രമം നടത്തുകയെന്നും ഇംഗ്ലണ്ട് പേസര്‍ ക്രെയ്‌ഗ് ഓവര്‍ടണ്‍.
'ഇന്ത്യ, എന്താണെന്നും എത്തരത്തിലുള്ള ടീമാണെന്നും, മത്സരം ബുദ്ധിമുട്ടുള്ളതാവുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. ഞങ്ങള്‍ ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത് അവര്‍ക്കെതിരെ ചെയ്യേണ്ടത് തന്നെയാണ്. പക്ഷേ നന്നായി കളിച്ചതിനും ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും അവർക്ക് ക്രെഡിറ്റ് നല്‍കേണ്ടതാണ്' - ഓവര്‍ടണ്‍ പറഞ്ഞു.
നാലാം ദിനത്തിന്‍റെ ആദ്യ സെഷനില്‍ തന്നെ കുറച്ച് വിക്കറ്റുകള്‍ പ്രതീക്ഷിക്കുന്നതായും ഇംഗ്ലീഷ് പേസര്‍ കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ നന്നായി പന്തെറിഞ്ഞതായാണ് സ്കോര്‍ ബോര്‍ഡിലുള്ള രണ്ട് വിക്കറ്റുകള്‍ കാണിക്കുന്നത്. അര്‍ഹിച്ച രീതിയില്‍ അവര്‍ നന്നായി ബാറ്റ് ചെയ്യുകയും ചെയ്തു.
എന്നിരുന്നാലും മൂന്നോ നാലോ വിക്കറ്റുകള്‍ നേടേണ്ടതായിരുന്നു. ഈ മത്സരത്തില്‍ ഞങ്ങള്‍ ഇപ്പോഴും മികച്ച നിലയിലാണുള്ളത്. പ്രത്യേകിച്ച് രാവിലെ ന്യൂബോള്‍ ഉപയോഗിക്കുമ്പോള്‍. ആദ്യ സെഷനില്‍ തന്നെ കുറച്ച് വിക്കറ്റുകള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്'. ഓവര്‍ടണ്‍ വ്യക്തമാക്കി.
അതേസമയം ലീഡ്‌സില്‍ ആദ്യ ഇന്നിങ്സില്‍ 78 റണ്‍സിന് തകര്‍ന്നടിഞ്ഞ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് 354 റണ്‍സിന്‍റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം അവസാനിപ്പിച്ചത്.
also read: ഇന്ത്യയടക്കം ഏത് ടീമിനേയും പാകിസ്ഥാന് തോല്‍പ്പിക്കാനാവും : വഹാബ് റിയാസ്
എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിന്‍റെ ലീഡ് മറികടക്കാന്‍ 139 റണ്‍സ് കൂടിയാണ് ഇനി ഇന്ത്യയ്‌ക്ക് വേണ്ടത്. 91 റണ്‍സുമായി ചേതേശ്വര്‍ പുജാരയും 45 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് പുറത്താവാതെ നില്‍ക്കുന്നത്.