എഡ്‌ജ്‌ബാസ്റ്റണ്‍ : ടി20 ക്രിക്കറ്റിലെ യഥാര്‍ഥ പവര്‍ ഹൗസ് ടീം ഇന്ത്യയാണെന്ന് ഇംഗ്ലണ്ടിന്‍റെ മുൻ സ്പിന്നർ ആഷ്‌ലി ഗൈൽസ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 വിജയത്തിന് പിന്നാലെയാണ് ഗൈൽസ് ഇന്ത്യയെ പ്രശംസിച്ചത്. മികച്ച ടീമും തുല്യ ശേഷിയുള്ള ബെഞ്ചുമാണ് ഇന്ത്യയ്‌ക്കുള്ളതെന്ന് ഗൈൽസ് ക്രിക് ഇന്‍ഫോയോട് പറഞ്ഞു.
സതാംപ്ടണില്‍ നടന്ന ആദ്യ ടി20യില്‍ 50 റണ്‍സിന് ജയിച്ച ഇന്ത്യ എഡ്‌ജ്‌ബാസ്റ്റണില്‍ 49 റണ്‍സിനാണ് വിജയം നേടിയത്. പ്രധാന താരങ്ങളെ പുറത്തിരുത്തിയായിരുന്നു ഇന്ത്യ ഒന്നാം ടി20 കളിച്ചത്. രണ്ടാം മത്സരത്തിലും സീനിയര്‍ താരങ്ങള്‍ കളിച്ചില്ലെങ്കിലും ഫലം വ്യത്യസ്തമാവില്ലായിരുന്നുവെന്നും ഗൈൽസ് പറഞ്ഞു.
'അടി മുതല്‍ തലവരെ ശക്തമായ കളിക്കാരാണ് ഇന്ത്യയ്‌ക്കുള്ളത്. അതിശക്തമായ ബൗളിങ് നിരയാണ് അവര്‍ക്ക്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിക്കറ്റുകൾ നഷ്ടമായിട്ടും തുടക്കം മുതൽ അവസാനം വരെ ആക്രമണോത്സുകത പ്രകടിപ്പിക്കാന്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്ക് കഴിഞ്ഞു.
also read: 'കോലിയുടെ ശൈലി ടി20ക്ക് യോജിച്ചതല്ല' ; തന്‍റെ ടീമില്‍ താരത്തിന് സ്ഥാനമില്ലെന്ന് അജയ് ജഡേജ
ഇന്ത്യയുടെ ജയത്തിന് പ്രധാന കാരണവുമിതാണ്. നിങ്ങൾ ബൗളർമാരെ സമ്മർദത്തിലാക്കണം.ചില ദിവസങ്ങള്‍ ബൗളർമാരുടേതാകും. എന്നാല്‍ അപ്പോഴും ആക്രമിച്ചുകളിച്ചാല്‍ അവര്‍ സമ്മര്‍ദത്തിലാവും. ഇതാണ് കഴിഞ്ഞ മത്സരങ്ങളില്‍ ഇന്ത്യ ചെയ്‌തത്' - ഗൈൽസ് പറഞ്ഞു.
ടീം ഇന്ത്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് പാക് മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും രംഗത്തെത്തിയിരുന്നു. നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഫേവറേറ്റുകളിലൊന്ന് ടീം ഇന്ത്യയായിരിക്കുമെന്നാണ് അഫ്രിദീ പറഞ്ഞത്. ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തില്‍ ഇന്ത്യയുടെ ബോളിങ് യൂണിറ്റിനെയും അഫ്രീദി പുകഴ്‌ത്തിയിരുന്നു.