ഡർഹാം: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുന്നെ പരിക്ക് വലയ്ക്കുന്ന ഇന്ത്യന്‍ ടീമിന് ആശ്വാസം. തുടയ്‌ക്കേറ്റ പരിക്ക് ഭേദമായ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പരിശീലനം പുനരാരംഭിച്ചു. നേരത്തെ സെലക്‌ട് കൗണ്ടി ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിനിടക്കം രഹാനെയ്ക്ക് ഇറങ്ങാനായിരുന്നില്ല.
നിലവില്‍ ഫീല്‍ഡിങ്, ഫിസിക്കല്‍ പരിശീലനമാണ് താരം നടത്തുന്നത്. വൈകാതെ തന്നെ നെറ്റ്സില്‍ പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആഗസ്റ്റ് നാലിന് ആരംഭിനിരിക്കെ ടീമില്‍ ഉള്‍പ്പെട്ടിരുന്ന ശുഭ്‌മാന്‍ ഗില്‍, വാഷിംഗ്ടണ്‍ സുന്ദര്‍, പേസര്‍ ആവേശ് ഖാന്‍ എന്നിവര്‍ പരിക്കേറ്റ് പുറത്തായിരുന്നു.
ഇവര്‍ക്ക് പകരമായി ബാറ്റ്സ്‌മാന്മാരായ പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, സ്പിന്നര്‍ ജയന്ത് യാദവ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശുഭ്‌മാന്‍ ഗില്ലിന് പകരക്കാരനായി പൃഥ്വി ഷായെ ഇംഗ്ലണ്ടിലേക്ക് അയക്കണമെന്ന് ടീം മാനേജ്മെന്‍റ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ബിസിസിഐ വഴങ്ങിയിരുന്നില്ല.
അതേസമയം രഹാനെയ്ക്ക് ടീമില്‍ ഉള്‍പ്പെടാനായില്ലെങ്കില്‍ മിഡില്‍ ഓര്‍ഡറില്‍ കെഎല്‍ രാഹുലിനാവും സ്ഥാനം ലഭിക്കുക. ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ഗില്ലിന് പകരം മായങ്ക് അഗര്‍വാള്‍ സ്ഥാനം പിടിച്ചേക്കും. പേസറായി മുഹമ്മദ് സിറാജിനും അവസരം ലഭിച്ചേക്കും.