കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പ് (ACC Emerging Teams Asia Cup) ഫൈനലില്‍ ഇന്ത്യ എയ്‌ക്ക് (India A) എതിരെ പാകിസ്ഥാന്‍ എയ്‌ക്ക് (Pakistan A) മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 352 റണ്‍സാണ് അടിച്ച് കൂട്ടിയത്. തയ്യബ് താഹിറിന്‍റെ (Tayyab Tahir ) തകര്‍പ്പന്‍ സെഞ്ചുറിയാണ് പാകിസ്ഥാന്‍ എയെ മികച്ച നിലയില്‍ എത്തിച്ചത്.
71 പന്തുകളില്‍ 108 റണ്‍സാണ് താരം നേടിയത്. മികച്ച തുടക്കമായിരുന്നു പാകിസ്ഥാന് ഒപ്പണര്‍മാരായ സയിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍ എന്നിവര്‍ നല്‍കിയത്. ആദ്യ വിക്കറ്റില്‍ 17.2 ഓവറില്‍ 121 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. സയിം അയൂബിനെ മടക്കി മാനവ് സുതറാണ് ഇന്ത്യയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.
51 പന്തുകളില്‍ 59 റണ്‍സെടുത്ത പാക് ഓപ്പണറെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറെല്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ ഒമര്‍ ബിന്‍ യൂസഫിനൊപ്പം ഇന്നിങ് മുന്നോട്ട് നയിക്കുന്നതിനിടെ സാഹിബ്‌സാദ ഫര്‍ഹാന്‍ (62 പന്തില്‍ 65) റണ്ണൗട്ടായത് ഇന്ത്യയ്‌ക്ക് ആശ്വാസമായി. നാലാം നമ്പറിലെത്തിയ തയ്യബ് താഹിര്‍ ഒരറ്റത്ത് നിലയുറപ്പിച്ചു.
എന്നാല്‍ ഒമര്‍ ബിന്‍ യൂസഫ് (35 പന്തില്‍ 35), ഖാസിം അക്രം (1 പന്തില്‍ 0), ക്യാപ്റ്റന്‍ മുഹമ്മദ് ഹാരിസ് (6 പന്തില്‍ 2) എന്നിവര്‍ മടങ്ങിയതോടെ 28.4 ഓവറില്‍ 187ന് അഞ്ച് എന്ന നിലയിലേക്ക് എത്തിയിരുന്നു. പക്ഷേ, തയ്യബ് താഹിര്‍ യഥേഷ്‌ടം റണ്‍സടിച്ചതോടെ ഇന്ത്യന്‍ ബോളര്‍മാര്‍ കുഴങ്ങി. ആറാം വിക്കറ്റില്‍ മുബഷിര്‍ ഖാനൊപ്പം 126 റണ്‍സ് കൂട്ടിച്ചേര്‍ത്ത് തയ്യബ് താഹിര്‍ മടങ്ങുമ്പോള്‍ 44.5 ഓവറില്‍ 313 എന്ന മികച്ച നിലയിലായിരുന്നു പാകിസ്ഥാന്‍.
രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കറാണ് താരത്തെ പുറത്താക്കിയത്. മുബസിര്‍ ഖാന്‍ (47 പന്തുകളില്‍ 35), മെഹ്‌റന്‍ മുംതാസ് (10 പന്തുകളില്‍ 13), എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. മുഹമ്മജ് വസീം ജൂനിയര്‍ (10 പന്തില്‍ 17), സുഫിയാന്‍ മുഖീം (8 പന്തില്‍ 4) എന്നിവര്‍ പുറത്താവാതെ നിന്നു.
ഇന്ത്യയ്‌ക്കായി റിയാന്‍ പരാഗ്, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ഹര്‍ഷിത് റാണ, മാനവ് സുതര്‍, നിശാന്ത് സിന്ധു എന്നിവര്‍ക്ക് ഒരോ വിക്കറ്റുണ്ട്.
ഇന്ത്യ എ പ്ലെയിങ് ഇലവന്‍: സായ് സുദര്‍ശന്‍, അഭിഷേക് ശര്‍മ, നിഖിന്‍ ജോസ്, യാഷ് ദുള്‍ (ക്യാപ്‌റ്റന്‍), റിയാന്‍ പരാഗ്, നിഷാന്‍ സിന്ധു, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സുതര്‍, യുവാരജ്‌സിന്‍ഹ ദോദിയ, ഹര്‍ഷിത് റാണ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍
പാകിസ്ഥാന്‍ എ പ്ലെയിങ് ഇലവന്‍: സയിം അയൂബ്, സാഹിബ്‌സാദ ഫര്‍ഹാന്‍, ഒമര്‍ ബിന്‍ യൂസഫ്, തയ്യബ് താഹിര്‍, മുഹമ്മദ് ഹാരിസ് (ക്യാപ്‌റ്റന്‍, വിക്കറ്റ് കീപ്പര്‍), ഖാസിം അക്രം, മുബസിര്‍ ഖാന്‍, മുഹമ്മജ് വസീം ജൂനിയര്‍, മെഹ്‌റന്‍ മുംതാസ്, അര്‍ഷാദ് ഇഖ്‌ബാല്‍, സുഫിയാന്‍ മുഖീം