കൊളംബോ: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ എമേര്‍ജിങ് ടീംസ് ഏഷ്യ കപ്പിന്‍റെ സെമി ഫൈനലില്‍ ബംഗ്ലാദേശ് എയ്‌ക്ക് എതിരെ ഇന്ത്യ എയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ എ 49.1 ഓവറില്‍ 211 റണ്‍സിന് ഓള്‍ ഔട്ട് ആയി. കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പൊരുതി നിന്ന ക്യാപ്റ്റന്‍ യാഷ് ദുളിന്‍റെ (Yash Dhull) അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യ എയെ മാന്യമായ നിലയില്‍ എത്തിച്ചത്.
85 പന്തുകളില്‍ 66 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. സ്‌കോര്‍ ബോര്‍ഡില്‍ 29 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരന്‍ സായ് സുദര്‍ശനാണ് ആദ്യം വീണത്. 24 പന്തില്‍ 21 റണ്‍സെടുത്ത താരത്തെ തന്‍സിം ഹസന്‍ വിക്കറ്റ് കീപ്പര്‍ ഷാക്കിബ് അക്‌ബര്‍ അലിയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ഒന്നിച്ച അഭിഷേക് ശര്‍മയും നിഖിന്‍ ജോസും ചേര്‍ന്ന് ടീമിനെ പതിയെ മുന്നോട്ട് നയിച്ചു. 46 റണ്‍സ് നീണ്ടുനിന്ന ഈ കൂട്ടുകെട്ട് നിഖിനെ വീഴ്‌ത്തിയാണ് ബംഗ്ലാദേശ് പൊളിച്ചത്. 29 പന്തുകളില്‍ 17 റണ്‍സ് നേടിയ നിഖിനെ സെയ്‌ഫ് ഹസ്സനാണ് പുറത്താക്കിയത്. പിന്നാലെ അഭിഷേക് ശര്‍മയേയും ഇന്ത്യയ്‌ക്ക് നഷ്‌ടമായി.
63 പന്തുകളില്‍ 34 റണ്‍സ് നേടിയ അഭിഷേകിനെ റാക്കിബുള്‍ ഹസനാണ് മടക്കിയത്. പിന്നീട് യാഷ് ദുള്‍ ഒരറ്റത്ത് ചെറുത്ത് നിന്നെങ്കിലും തുടര്‍ച്ചയായ ഇടവേളകളില്‍ ഇന്ത്യയ്‌ക്ക് വിക്കറ്റുകള്‍ നഷ്‌ടമായി. നിശാന്ത് സിന്ദു (16 പന്തുകളില്‍ 5), റിയാന്‍ പരാഗ് (24 പന്തില്‍ 12), ധ്രുവ് ജുറെല്‍ (3 പന്തില്‍ 1), ഹര്‍ഷിദ് റാണ (14 പന്തുകളില്‍ ) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ 36.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 137 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. തുടര്‍ന്ന് എത്തിയ മാനവ് സുതാരിനൊപ്പം എറെ ശ്രദ്ധയോടെ കളിച്ച ദുള്‍ സ്‌കോര്‍ ഉയര്‍ത്തി.
എന്നാല്‍ 44-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ മാനവ് സുതര്‍ റണ്ണൗട്ടായത് ഇന്ത്യയ്‌ക്ക് തിരിച്ചടിയായി. 24 പന്തുകളില്‍ 21 റണ്‍സാണ് താരം നേടിയിരുന്നത്. എട്ടാം വിക്കറ്റില്‍ ദുളിനൊപ്പം 41 റണ്‍സ് ചേര്‍ത്ത മാനവ് മടങ്ങുമ്പോള്‍ 178 റണ്‍സായിരുന്നു ഇന്ത്യന്‍ ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നെത്തിയ രാജ്‌വര്‍ധന്‍ ഹംഗർഗേക്കര്‍ക്ക് (12 പന്തുകളില്‍ 15) അധികം ആയുസുണ്ടായിരുന്നില്ല.
പിന്നീട് പതിനൊന്നാമന്‍ യുവരാജ്‌സിന്‍ഹ് ദോദിയയെ ഒരറ്റത്ത് നിര്‍ത്തിയാണ് യാഷ് ദുള്‍ ഇന്ത്യയെ ഇരുന്നൂറ് കടത്തിയത്. അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ ദുള്‍ വീണതോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനും തിരശീല വീണത്. ബംഗ്ലാദേശ് എയ്‌ക്കായി മെഹ്‌ദി ഹസന്‍, തന്‍സിം ഹസന്‍ ശാക്കിബ്, റാക്കിബുള്‍ ഹസന്‍ എന്നിര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. സൗമ്യ സര്‍ക്കാര്‍, റിപോണ്‍ മൊണ്ഡാല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ALSO READ: 'രോഹിത്തിനും കോലിക്കും ശേഷം അവര്‍'; ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി ചൂണ്ടിക്കാട്ടി വസീം ജാഫര്‍