ബര്‍മിങ്‌ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ എഡ്‌ജ്‌ബാസ്റ്റണിൽ നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിനിടെ വംശീയ അധിക്ഷേപം നടന്നുവെന്ന റിപ്പോർട്ടുകളില്‍ വാർവിക്‌ക്ഷയറും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും (ഇസിബി) അന്വേഷണം പ്രഖ്യാപിച്ചു. മത്സരത്തിന്‍റെ നാലാം ദിനം ഒരുവിഭാഗം ആരാധകരിൽ നിന്ന് വംശീയ അധിക്ഷേപം നേരിട്ടതായി നിരവധി ഇന്ത്യൻ ആരാധകർ ട്വീറ്റ് ചെയ്‌തിരുന്നു.
ടെസ്റ്റ് മത്സരത്തിൽ വംശീയ അധിക്ഷേപത്തിന്‍റെ റിപ്പോർട്ടുകൾ കേൾക്കുന്നതിൽ വളരെ ഉത്കണ്ഠാകുലരാണെന്ന് ഇസിബി പ്രസ്താവനയിൽ പറഞ്ഞു. ക്രിക്കറ്റിൽ വംശീയതയ്ക്ക് സ്ഥാനമില്ല. എഡ്‌ജ്‌ബാസ്റ്റണിൽ സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇസിബി അറിയിച്ചു.
"എഡ്‌ജ്‌ബാസ്റ്റണിനെ എല്ലാവർക്കും സുരക്ഷിതവും സ്വാഗതം ചെയ്യുന്നതുമായ അന്തരീക്ഷമാക്കി മാറ്റാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നതിനാൽ ഈ റിപ്പോർട്ടുകൾ ഞെട്ടിച്ചു." എന്നായിരുന്നു വാർവിക്‌ക്ഷയര്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ ചീഫ് എക്സിക്യൂട്ടീവ് സ്റ്റുവർട്ട് കെയ്നിന്‍റെ പ്രതികരണം.
പ്രാരംഭ ട്വീറ്റുകള്‍ നടത്തിയ വ്യക്തിയുമായി സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്. എഡ്‌ജ്‌ബാസ്റ്റണിൽ ആരും ഒരു തരത്തിലുള്ള അധിക്ഷേപത്തിനും വിധേയരാകരുത്. ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.