കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്‌ന്‍ പ്രിട്ടോറിയസ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2016ല്‍ പ്രോട്ടീസിനായി അരങ്ങേറ്റം നടത്തിയ 33കാരന്‍ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രോട്ടീസിനായി രണ്ട് ലോകകപ്പുകളിലും 33കാരനായ താരം കളിച്ചിട്ടുണ്ട്.
കരിയറില്‍ പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി പറയുന്നതായി പ്രിട്ടോറിയസ് പറഞ്ഞു. "കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രിക്കറ്റ് കരിയറിലെ കഠിനമായ തീരുമാനങ്ങളില്‍ ഒന്നിലേക്ക് ഞാനെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണ്.
വളര്‍ന്നുവരുന്ന കാലം തൊട്ട് പ്രോട്ടീസിനായി കളിക്കുക എന്നതായിരുന്നു ജീവിതത്തിലെ ഏക ലക്ഷ്യം. അതെങ്ങനെയാവും സംഭവിക്കുകയെന്ന് അറിയില്ലായിരുന്നു. എന്നാല്‍ ദൈവം എനിക്ക് കഴിവും വിജയിക്കാനുള്ള കഠിനമായ ഇച്ഛാശക്തിയും നൽകി.
കരിയറിന്‍റെ ശേഷിക്കുന്ന സമയത്ത് ടി20യിലേക്കും മറ്റ് ഹ്രസ്വ ഫോർമാറ്റുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഫ്രീ ഏജന്‍റ് ആകുന്നത് ഹ്രസ്വ ഫോർമാറ്റില്‍ മികച്ച ഒരു കളിക്കാരനാവുകയെന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കും.
വിരമിക്കലിലൂടെ പ്രൊഫഷണല്‍ കരിയറും കുടുംബ ജീവിതവും സന്തുലിതമായി കൊണ്ടുപോകാന്‍ കഴിയും", പ്രിട്ടോറിയസ് പറഞ്ഞു.
30 ടി20കളും 27 ഏകദിനങ്ങളിലും മൂന്ന് ടെസ്റ്റുകളുമാണ് പ്രിട്ടോറിയസ് പ്രോട്ടീസിനായി കളിച്ചത്. അന്താരാഷ്‌ട്ര ടി20യില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്‍റെ ഏറ്റവും മികച്ച ബോളിങ് പ്രകടനത്തിന്‍റെ റെക്കോഡ് 33കാരന്‍റെ പേരിലാണുള്ളത്. 2021ല്‍ പാകിസ്ഥാനെതിരെ 17 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയാണ് പ്രിട്ടോറിയസ് റെക്കോഡിട്ടത്.
തുടര്‍ന്ന് യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഒമ്പത് വിക്കറ്റുകളും പ്രിട്ടോറിയസ് വീഴ്‌ത്തിയിരുന്നു. മൂന്ന് ടെസ്റ്റില്‍ നിന്ന് 83 റണ്‍സും ഏഴ് വിക്കറ്റുകളുമാണ് താരം നേടിയത്. 27 ഏകദിനങ്ങളില്‍ 192 റണ്‍സും 35 വിക്കറ്റും 30 ടി20കളില്‍ നിന്നും 261 റണ്‍സും 35 വിക്കറ്റും പ്രിട്ടോറിയസ് സ്വന്തമാക്കിയിട്ടുണ്ട്.
also read: IND vs SL: ശ്രീലങ്കയ്‌ക്കെതിരെ കളിക്കാന്‍ ബുംറയില്ല; വീണ്ടും ട്വിസ്റ്റ്