ലാഹോര്‍ : പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയർമാൻ സ്ഥാനത്തേക്ക് മുൻ താരവും കമന്‍റേറ്ററുമായ റമീസ് രാജയെ തെരഞ്ഞെടുത്തതിനെതിരെ മുന്‍ പേസര്‍ സർഫ്രാസ് നവാസ്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സര്‍ഫ്രാസ് കത്തെഴുതി.
റമീസ് രാജയുടെ മുന്‍കാല പ്രവര്‍ത്തികള്‍ പരിഗണിച്ച് സ്ഥാനത്തേക്ക് സഹീർ അബ്ബാസിനെയോ, മാജിദ് ഖാനെയോ തെരഞ്ഞെടുക്കണമെന്നാണ് സർഫ്രാസ് നവാസ് പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
'നിങ്ങളുടെ അംഗീകാരത്തോടെ ഇഹ്‌സാൻ മാനിക്ക് പകരം പിസിബി ചെയർമാനായി റമീസ് രാജയെ നിയമിക്കാൻ തീരുമാനിച്ചതായി മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
രക്ഷാധികാരിയെന്ന നിലയിൽ പിസിബി ചെയർമാനായി ആരെയും നിയമിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടെന്നതിൽ സംശയമില്ല.
എന്നാല്‍ ഒരു സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ ഏതൊരു വ്യക്തിയുടേയും മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.
മുമ്പ് ഇന്ത്യയ്ക്ക് അനുകൂലമായി സംസാരിക്കുമ്പോൾ റമീസ് രാജ പാക്കിസ്ഥാനെതിരെ വളരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്'- സർഫ്രാസ് നവാസ് പറഞ്ഞു.
also read: പൗളോ ഡിബാല തിരിച്ചെത്തി; ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്‍റീന
പിസിബിയുടെ അടുത്ത ചെയർമാനായി റമീസ് രാജയെ നിയമിക്കുന്നതിന് അംഗീകാരം നല്‍കിയെന്ന മാധ്യമ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അത് ഐസിസിയിലെ ഇന്ത്യൻ മേധാവിത്വവും ആധിപത്യവും അംഗീകരിക്കുന്ന സാഹചര്യത്തിലേക്ക് പാക്കിസ്ഥാനെ കൊണ്ടെത്തിക്കും.
ഇതുവഴി ക്രിക്കറ്റ് ലോകം ഭരിക്കാനുള്ള ഇന്ത്യൻ മേധാവിത്വ പദ്ധതിക്ക് മുന്നിൽ പാക്കിസ്ഥാന്‍ കീഴടങ്ങേണ്ടിവരുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ സർഫ്രാസ് നവാസ് പറയുന്നു.