മുംബൈ: ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ പുതിയ ഒരു ടി20 ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ടീമിന്‍റെ മുഴുവൻ സമയ നായകനായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും രോഹിത് ശർമ സ്ഥാനമൊഴിഞ്ഞതിന് ശേഷം ഹാര്‍ദിക് പിൻഗാമിയായെത്തുമെന്നാണ് വിലയിരുത്തല്‍. ക്യാപ്റ്റൻ എന്ന നിലയിൽ മതിപ്പുളവാക്കിയ താരം ടീമില്‍ ചില മാറ്റങ്ങളും നടത്താന്‍ ശ്രമിക്കുന്നുണ്ട്.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യിലെ അവസാന ഓവര്‍ സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിന് നല്‍കിയതും രണ്ടാം മത്സരത്തില്‍ ഹർഷൽ പട്ടേലിനെ ഒഴിവാക്കി അർഷ്‌ദീപ് സിങ്ങിനെ ടീമിലെത്തിച്ചതും ഹാർദികിന്‍റെ പരീക്ഷണങ്ങളില്‍ ചിലതാണ്. ഹാര്‍ദിക്കിന്‍റെ ഇത്തരം നടപടികളെ ചോദ്യം ചെയ്‌തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം അജയ് ജഡേജ.
'പഴയ സിസ്റ്റം' മാറ്റേണ്ടതിലെ ആവശ്യകതയാണ് അജയ് ജഡേജ ചോദ്യം ചെയ്യുന്നത്. ടി20 ടീമിന്‍റെ ക്യാപ്റ്റന്മാര്‍ എന്തുകൊണ്ടാണ് 'പഴയ സിസ്റ്റം' മാറ്റാന്‍ ശ്രമിക്കുന്നതെന്ന് അജയ് ജഡേജ ഒരു ചാറ്റ് ഷോയില്‍ ചോദിച്ചു.
"വിരാട് കോലി നായകനായപ്പോള്‍ ടീമിന്‍റെ കളി ശൈലി മാറ്റാന്‍ ശ്രമിച്ചു. രോഹിത് ശര്‍മ ചുമതലയേറ്റപ്പോഴും അദ്ദേഹത്തിന് ടീമിന്‍റെ കളി ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടായിരുന്നു. ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെത്തിയപ്പോഴും ഇന്ത്യന്‍ ടീമിനെ മാറ്റണം. എന്തുകൊണ്ടാണ് ക്യാപ്റ്റന്മാരായെത്തുന്ന ഓരോര്‍ത്തരും 'പഴയ സിസ്റ്റം' മാറ്റാന്‍ ശ്രമിക്കുന്നത്. എന്ത് പ്രശ്‌നമാണ് അതിനുള്ളത്?". അജയ് ജഡേജ ചോദിച്ചു.
ഇന്ത്യയുടെ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികും ചാറ്റ് ഷോയുടെ ഭാഗമായിരുന്നു. ഐസിസി ഇവന്‍റുകളില്‍ ഇന്ത്യയ്‌ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതിനാലാണ് ക്യാപ്റ്റന്മാര്‍ കളി ശൈലി മാറ്റാന്‍ ശ്രമിക്കുന്നതെന്നാണ് കാര്‍ത്തിക് അജയ് ജഡേജയ്‌ക്ക് മറുപടി നല്‍കിയത്.
"2013-ന് ശേഷം നമ്മള്‍ പ്രധാനപ്പെട്ട ഒരു ടൂർണമെന്‍റും ജയിച്ചിട്ടില്ല എന്ന വസ്തുതയിലാണ് അതിനുള്ള ഉത്തരം. 2014-ൽ ആരെങ്കിലും വന്ന് ടീമിന്‍റെ ശൈലിയില്‍ മാറ്റം വരുത്തുമെന്ന് ഞാൻ കരുതുന്നില്ല, കാരണം അതിന് മുമ്പ് നമ്മള്‍ ചാമ്പ്യൻസ് ട്രോഫി നേടിയിരുന്നു.
ടി20യില്‍ 2007ന് ശേഷം ഒരു കിരീടം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗാണ് നമ്മുടേത്. വിദഗ്ദ്ധരായ കളിക്കാരുള്ള ടീമിന്‍റെ ബെഞ്ചും ശക്തമാണ്. എന്നിട്ടും നമ്മള്‍ക്ക് അനുകൂലമായ ഫലം ലഭിക്കുന്നില്ലെങ്കില്‍ സമീപനത്തിൽ എന്തെങ്കിലും തെറ്റ് ഉണ്ടായിരിക്കാം, അത് മാറ്റേണ്ടതുണ്ട്". ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.
അതേസയമം ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ടി20യില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. പൂനെയില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സിനാണ് ഇന്ത്യ കീടങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക നേടിയ 206 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ബോളുകൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ ലങ്കന്‍ നായകന്‍ ദാസുന്‍ ഷനകയാണ് ലങ്കയുടെ വിജയശില്‍പി. 22 പന്തില്‍ 56 റണ്‍സ് നേടിയ താരം ഒരു ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു. അര്‍ധ സെഞ്ചുറി നേടിയ അക്‌സർ പട്ടേൽ (65) , സൂര്യകുമാർ യാദവ് (51) എന്നിവരാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. ഇരുവര്‍ക്കും പുറമെ ഹാര്‍ദിക് പാണ്ഡ്യ(12), ശിവം മാവി (25) എന്നിവർക്ക് മാത്രമേ ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനുമായുള്ളൂ.
Also read: Watch: തല താഴ്‌ത്തി മുഖം പൊത്തി; അര്‍ഷ്‌ദീപിന്‍റെ പ്രകടത്തില്‍ നിരാശനായി ഹാര്‍ദിക് പാണ്ഡ്യ