മുംബൈ: ശുഭ്‌മാൻ ഗില്ലിൽ നിന്നുള്ള മത്സരം ഒഴിവാക്കി ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിർത്തണമെങ്കിൽ കെഎൽ രാഹുലിന് നടക്കാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ട് സെഞ്ച്വറികള്‍ നേടേണ്ടിവരുമെന്ന് വെറ്ററന്‍ താരം ദിനേഷ് കാർത്തിക്. ഒരു ഓപ്പണറെന്ന നിലയില്‍ രാഹുല്‍ മോശം പ്രകടനം തുടരുന്നത് അംഗീകരിക്കാനാവില്ല. രാഹുലിന്‍റെ നിലവിലെ പ്രകടനം 40 ടെസ്റ്റുകള്‍ കളിച്ച ഒരു താരത്തിന് ചേരുന്നതല്ലെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.
"ഞാൻ കെഎല്‍ രാഹുലിന് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കൂടി നല്‍കുന്നു. പക്ഷേ കാര്യങ്ങൾ അവന്‍റെ വഴിക്ക് പോകുന്നില്ലെങ്കില്‍ ഇത് അംഗീകരിക്കാനാവില്ല. അവന്‍ 40-ലധികം ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്, ശരാശരി 30-കളുടെ മധ്യമാണ്.
ഒരു ഓപ്പണറുടെ സ്ഥാനത്ത് കളിക്കുന്ന ഒരു താരത്തെ സംബന്ധിച്ച് അത് സ്വീകാര്യമല്ല. 35 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരങ്ങളില്‍ ഏറ്റവും താഴ്ന്ന ശരാശരിയാണിത്", കാര്‍ത്തിക് പറഞ്ഞു.
ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസീസിനെതിരെ വലിയ റൺസ് നേടുന്നതിൽ രാഹുൽ പരാജയപ്പെട്ടാൽ ഗില്ലിന് ടീമിൽ ഇടം നൽകേണ്ടിവരുമെന്നും കാർത്തിക് കൂട്ടിച്ചേര്‍ത്തു. "ഓസ്‌ട്രേലിയയ്‌ക്ക് എതിരെ അവന്‍ കൂടുതല്‍ റണ്‍സ് നേടേണ്ടതുണ്ട്. രണ്ട് സെഞ്ച്വറികളെങ്കിലും അവന്‍റെ ബാറ്റില്‍ നിന്നും പിറക്കണം.
എങ്കില്‍ മാത്രമേ ടെസ്റ്റ് ടീമിൽ തന്‍റെ സ്ഥാനം ഉറപ്പിക്കാന്‍ അവന് കഴിയൂ. ശുഭ്‌മാന്‍ ഗില്‍ മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തില്‍ രാഹുല്‍ വീണ്ടും പരാജയപ്പെടുകയാണെങ്കില്‍ തീർച്ചയായും ടീമില്‍ ഒരു മാറ്റം കാണാന്‍ കഴിയും", കാര്‍ത്തിക് പറഞ്ഞു നിര്‍ത്തി.
ടെസ്റ്റ് ക്രിക്കറ്റിലും ഈ വര്‍ഷം മോശം പ്രകടനമാണ് 30കാരനായ രാഹുല്‍ നടത്തിയത്. എട്ട് ഇന്നിങ്‌സുകളിലായി വെറും 137 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. ഇന്നലെ അവസാനിച്ച ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം ദയനീയ പ്രകടനം തുടര്‍ന്നു.
പരമ്പരയില്‍ ഇന്ത്യയെ നയിക്കുക കൂടി ചെയ്‌ത രാഹുലിന്‍റെ ബാറ്റില്‍ നിന്നും നാല് ഇന്നിങ്‌സുകളില്‍ വെറും 57 റണ്‍സ് മാത്രമാണ് പിറന്നത്. മറുവശത്ത് സഹ ഓപ്പണറായ ശുഭ്‌മാന്‍ ഗില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്‌തിരുന്നു. വരാനിരിക്കുന്ന മത്സരങ്ങളിൽ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നതോടെ ഗില്ലിനെ തഴഞ്ഞ് ഓപ്പണിങ് സ്ഥാനത്ത് രാഹുലിന് ഇടം നല്‍കുന്നത് ചോദ്യം ചെയ്യപ്പെട്ടേക്കാം. രാഹുലിന്‍റെ മോശം പ്രകടത്തില്‍ ഇതിനകം തന്നെ ഏറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
അതേസമയം അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസീസിനെതിരെ കളിക്കുക. നാല് മത്സര പരമ്പരയാണിത്. ഫെബ്രുവരി ഒമ്പത് മുതല്‍ 13 വരെയാണ് ആദ്യ മത്സരം. തുടര്‍ന്ന് 17 മുതല്‍ 21 വരെ രണ്ടാം ടെസ്റ്റ് നടക്കും. മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയാണ് മൂന്നാം ടെസ്റ്റ്. മാര്‍ച്ച് ഒമ്പത് മുതല്‍ 13 വരെയാണ് അവസാന ടെസ്റ്റ്.
Also read: മായങ്കിനെ സണ്‍റൈസേഴ്‌സ് ക്യാപ്റ്റനാക്കരുത്; കാരണം നിരത്തി ആകാശ് ചോപ്ര