രാജ്‌കോട്ട്: പ്രോട്ടീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവാന്‍ വെറ്ററന്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിന് കഴിഞ്ഞിരുന്നു. ആറാമനായി ക്രീസിലെത്തിയ കാര്‍ത്തിക്കിന്‍റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 27 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 55 റണ്‍സാണ് താരം നേടിയത്.
ഡ്വെയ്ൻ പ്രിട്ടോറിയസിനെ സിക്‌സറിന് പറത്തിയാണ് കാര്‍ത്തിക് ടി20യില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ തന്‍റെ ആദ്യ അര്‍ധ സെഞ്ച്വറി ആഘോഷിച്ചത്. നേട്ടത്തോടെ മുന്‍ ക്യാപ്‌റ്റന്‍ എംഎസ് ധോണിക്ക് സ്വന്തമായിരുന്നൊരു റെക്കോഡ് തന്‍റെ പേരിലാക്കിയിരിക്കുകയാണ് താരം. ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അര്‍ധസെഞ്ച്വറി നേടുന്ന പ്രായം കൂടിയ ബാറ്ററെന്ന റെക്കോഡാണ് 37കാരനായ കാര്‍ത്തിക് സ്വന്തമാക്കിയത്.
ഇന്ത്യക്കായി 98 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണിയുടെ പേരില്‍ രണ്ട് അര്‍ധസെഞ്ച്വറികള്‍ മാത്രമാണുള്ളത്. 2018ല്‍ അവസാന അര്‍ധസെഞ്ച്വറി നേടുമ്പോള്‍ 36 വയസും 229 ദിവസവുമായിരുന്നു ധോണിയുടെ പ്രായം. രാജ്‌കോട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിളങ്ങുമ്പോള്‍ 37 വയസും 16 ദിവസവുമാണ് കാര്‍ത്തിക്കിന്‍റെ പ്രായം.
35 വയസും ഒരു ദിവസവും പ്രായമുള്ളപ്പോള്‍ അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാനാണ് പട്ടികയില്‍ മൂന്നാമത്. അതേസമയം ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറി 16 വര്‍ഷത്തിന് ശേഷമാണ് കാര്‍ത്തിക് ടി20യില്‍ കന്നി അര്‍ധസെഞ്ച്വറി നേടുന്നത്.