മുംബൈ: രാജസ്ഥാന്‍ റോയല്‍സ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്‍റെ ഏറ്റവും മികച്ച ഐപിഎല്‍ സീസണായിരുന്നു ഇത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ ഹാട്രിക് ഉള്‍പ്പെടെ 17 മത്സരങ്ങളില്‍ 27 വിക്കറ്റ് വീഴ്‌ത്തിയ താരം സീസണില്‍ പർപ്പിൾ ക്യാപ്പും സ്വന്തമാക്കിയിരുന്നു. ഐപിഎൽ പോലെ അമിത സമ്മർദ്ദമുള്ള ടൂര്‍ണമെന്‍റില്‍ എപ്പോഴും നിറ പുഞ്ചിരിയോടെയാണ് ചഹല്‍ പ്രത്യക്ഷപ്പെടാറുള്ളത്.
ഇപ്പോഴിതാ യുസ്‌വേന്ദ്ര ചഹലിന് ‘മനോഹരമായി’ പുഞ്ചിരിക്കാനാകുന്നതിന്‍റെ പിന്നിലെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഭാര്യയും കൊറിയോഗ്രാഫറുമായ ധനശ്രീ വർമ. രാജസ്ഥാന്‍ റോയൽസ് പോഡ്‌കാസ്റ്റിലാണ് ചഹലിന്‍റെ ചിരിയുടെ രഹസ്യം ധനശ്രീ പങ്കുവച്ചത്.
'യുസ്‌വി സന്തോഷവാനായ ഒരു വ്യക്തിയാണ്. അദ്ദേഹത്തിന് ക്രിക്കറ്റ് ഏറെ ഇഷ്‌ടവുമാണ്. സത്യസന്ധമായി പറയുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ ആദ്യ ഇഷ്‌ടവും ക്രിക്കറ്റാണ്. ക്രിക്കറ്റ് ആസ്വദിക്കുന്നതിനൊപ്പം, സഹതാരങ്ങൾക്കൊപ്പം ഏറ്റവും മികച്ച ടീം അന്തരീക്ഷം ലഭിച്ചതുകൊണ്ടുമാണ് അദ്ദേഹം എപ്പോഴും ചിരിക്കുന്നത്. മനോഹരമായ പുഞ്ചിരിയാണ് അദ്ദേഹത്തിന്‍റേത്', ധനശ്രീ പറഞ്ഞു.
also read: ബ്രസീലിന് ജയിക്കാന്‍ നെയ്‌മര്‍ മാജിക് ആവശ്യമില്ല : ടിറ്റെ
ടീമിലെ അന്തരീക്ഷം സമ്മർദ്ദ രഹിതമായതുകൊണ്ടാണ് യുസ്‌വിക്ക് എപ്പോഴും യുസ്‌വിയായിരിക്കാന്‍ കഴിയുന്നതെന്നും ധനശ്രീ പറഞ്ഞു. അതേസമയം മത്സരങ്ങളില്‍ ചഹലിനെ പിന്തുണയ്‌ക്കുമ്പോള്‍ സാധാരണ ആരാധകരേക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം തനിക്ക് അനുഭവപ്പെടാറുണ്ടെന്നും ധനശ്രീ കൂട്ടിച്ചേര്‍ത്തു.